തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്ന് മാറ്റാനായി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയമവതരിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം കേരളം എന്നാക്കി മാറ്റണമെന്നും ,ഭരണഘടനയുടെ അനുച്ഛേദം മൂന്ന് പ്രകാരം ഇതിനായി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയിൽ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടത് 1956 നവംബർ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബർ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ ശക്തമായി ഉയർന്നുവന്നിരുന്ന ആവശ്യമാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് 'കേരളം' എന്ന പേരിൽ മാറ്റണമെന്നും പ്രമേയത്തിൽ അഭ്യർത്ഥിച്ചു.സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാൽ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |