SignIn
Kerala Kaumudi Online
Friday, 20 June 2025 5.57 AM IST

വിദ്യാർത്ഥി കൺസെഷൻ നല്‌കാം ബസുടമകളെ സമ്മർദ്ദത്തിലാക്കാതെ

Increase Font Size Decrease Font Size Print Page

photo

കേരളത്തിന്റെ ക്ഷേമപരിപാടികളിൽ പ്രധാനമായ പദ്ധതിയാണ് വിദ്യാർത്ഥികൾക്കുള്ള ടിക്കറ്റ് കൺസെഷൻ. 1963ലാണ് നിലവിൽ വന്നത്. വളരെ കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ അന്നുണ്ടായി​രുന്നുള്ളൂ. ദൂരെക്കൂടുതൽ കാരണം സ്‌കൂളുകളിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പദ്ധതി​ ആശ്വാസമായി​. അന്ന് മുതൽ വിദ്യാർത്ഥികൾക്ക് സബ്‌സിഡി നിരക്കിൽ യാത്രാക്കൂലി വാഗ്ദാനം ചെയ്തത് സ്വകാര്യ ബസ് ഓപ്പറേറ്റർമാരാണ്. സർക്കാരായിരുന്നില്ല. എന്നാൽ, സംസ്ഥാനത്തിന്റെ ക്ഷേമത്തിലും വികസനത്തിലും വലിയ പങ്കാളിത്തം വഹിച്ച സ്വകാര്യ ബസ് കമ്പനികളുടെ സംഭാവന വേണ്ട രീതിയിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. സ്വകാര്യ രംഗത്തുള്ളവരുടെ മേലുള്ള വിദ്യാർത്ഥി കൺസെഷൻ എന്ന ചുമതലയോട് കേരളത്തിലെ പൊതുഗതാഗത മേഖല യഥാർത്ഥത്തിൽ കണ്ണടച്ചു. ചെലവുകളത്രയും നിറവേറ്റുന്നതിന് സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ സഹായിക്കാൻ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇളവുകളും ഉണ്ടായിട്ടില്ല. ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ബസ് ഓപ്പറേറ്റർമാർക്ക് 10 ശതമാനം നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാലമത്രയും ഉണ്ടായ നഷ്ടം പരിഹരിക്കാൻ അത് അപര്യാപ്തമാണ്.

വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ നിരക്കായി സംസ്ഥാനം നിശ്ചയിച്ചിരിക്കുന്നത് സാധാരണ യാത്രാക്കൂലിയുടെ 20 ശതമാനമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഇത് സഹായിക്കുന്നുണ്ട്. എന്നാൽ, ഈ നിരക്കുകളിൽ കാലാനുസൃതമായ പരിഷ്‌കരണം നടത്താത്തത് ബസ് സർവീസുകളിൽ നഷ്ടം ഉണ്ടാക്കി. ഇത് സർക്കാരുമായി സഹകരിച്ചു പോകുന്നതിന് പകരം സ്വകാര്യ ഓപ്പറേറ്റർമാരെ നിരാശരാക്കുകയാണ് ചെയ്യുന്നത്. മേഖലയിലെ മത്സരരഹിതമായ അന്തരീക്ഷം കാരണം സ്വകാര്യ ബസുകളുടെ എണ്ണം സമീപ വർഷങ്ങളിൽ 32,000ൽ നിന്ന് 8,000 ആയി കുറയുകയും ചെയ്തു.

കൺസെഷൻ മാനദണ്ഡങ്ങൾ പാലിച്ച് പോകുന്നതിലുള്ള സമ്മർദ്ദം മൂലമാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതിൽ നിന്ന് സ്വകാര്യ കമ്പനികൾ മടിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ, 50 ശതമാനത്തിൽ അധികവും വിദ്യാർത്ഥികളായ യാത്രക്കാരാവും ഉണ്ടാവുക. ബസ് വിദ്യാർത്ഥികളെക്കൊണ്ട് നിറയുന്നതിനാൽ സർവീസിന് വൻ നഷ്ടമാണുണ്ടാകുന്നത്. ഒപ്പം സ്ഥിരം യാത്രക്കാർക്ക് ബസിൽ മതിയായ ഇടം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതുതന്നെയാണ് പലപ്പോഴും സ്വകാര്യ ബസ് കണ്ടക്ടർമാർ വിദ്യാർത്ഥികളോട് പ്രകോപനപരമായും പരുഷമായും പെരുമാറുന്നതിന്റെ കാരണവും. വിദ്യാലയങ്ങളിലേക്കുള്ള യാത്രയ്ക്കല്ലാതെ മറ്റ് യാത്രാ ആവശ്യങ്ങൾക്കായും വിദ്യാർത്ഥികൾ കൺസെഷൻ ഉപയോഗിക്കുന്നതായും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.

കൺസെഷൻ നിലവിൽ വന്നതിന് ശേഷമുള്ള കേരളത്തിന്റെ ജനസംഖ്യയിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്, ദ്രുതഗതിയിലുള്ള നഗരവൽക്കരണവും മദ്ധ്യവർഗ ജനസംഖ്യയുടെ വളർച്ചയുമാണ് ഇതി​ന് കാരണമായത്​. 1963 കാലഘട്ടത്തിൽ, പൊതുഗതാഗതത്തെ വൻതോതിൽ ആശ്രയിച്ചിരുന്നതിനാൽ കൺസെഷനിൽ നിന്ന് പ്രയോജനം നേടിയിരുന്ന ജനസംഖ്യ ക്രോസ്‌ സബ്‌സിഡിക്ക് ഏതാണ്ട് തുല്യമായിരുന്നു. ഇത് സ്വകാര്യ ഓപ്പറേറ്റർമാരുടെ വരുമാനനഷ്ടം സന്തുലിതമാക്കാൻ സഹായിച്ചിരുന്നു. എന്നാൽ, ഇന്ന് സംസ്ഥാനത്ത് നാലിൽ ഒരാൾക്ക് കാറുണ്ട്, 95 ലക്ഷത്തിന് മുകളിൽ ഇരുചക്രവാഹനങ്ങളും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതായത്, സമൂഹത്തിൽ സാമ്പത്തികമായി താഴെത്തട്ടിലുള്ളവർ മാത്രമാണ് മേൽപറഞ്ഞ ക്രോസ് സബ്‌സിഡിയിൽ ഇപ്പോഴും തുടരുന്നത്. അവരാണ് സ്വകാര്യ ഓപ്പറേറ്റർമാരുമായി ചേർന്ന് വിദ്യാർത്ഥി കൺസെഷന്റെ ചെലവ് വഹിക്കുന്നതും. പൊതുവിദ്യാലയങ്ങൾക്കൊപ്പം സ്വകാര്യ സ്‌കൂളുകളും കൂണുപോലെ മുളച്ചുപൊങ്ങുന്നതിന് സംസ്ഥാനം സാക്ഷ്യം വഹിച്ചുകണ്ടിരിക്കുകയാണ്. ചെലവ് ചുരുക്കുന്നതിൽ ഉപരിയായി പ്രവേശനവും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും നോക്കിയാണ് രക്ഷിതാക്കൾ മക്കൾക്കായി സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത്. സമൂഹത്തിലെ ഈ സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിന്റെ പഴയ നയം പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഗുണഭോക്താവ് ആരാകണമെന്നും, ചെലവ് ആരൊക്കെ വഹിക്കണമെന്നും പുനർവിശകലനം ചെയ്യേണ്ടതുണ്ട്.

വിവിധ മേഖലകളിലായി സ്വകാര്യ കമ്പനികളിൽ നിന്ന് കേരള മോഡലിന് കാര്യമായ സംഭാവന ലഭിക്കുന്നുണ്ട്, എന്നാൽ ഈ സേവനങ്ങൾ എവിടെയും കൃത്യമായി രേഖപ്പെടുത്തുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. വിദ്യാർത്ഥി കൺസെഷൻ അതിന് ഉത്തമ ഉദാഹരണമാണ്, പതിറ്റാണ്ടുകളായി വിദ്യാർത്ഥികളുടെ യാത്രാച്ചെലവിന് സബ്‌സിഡി നൽകിയതിന്റെ ഭാരം സ്വകാര്യ ഓപ്പറേറ്റർമാരാണ് വഹിച്ചത്, സർക്കാരായിരുന്നില്ല. വിദ്യാർത്ഥി കൺസെഷനിലൂടെ സംസ്ഥാനത്ത് സ്വകാര്യ ഓപറേറ്റർമാർക്കുണ്ടായ നഷ്ടം എത്രത്തോളമാണെന്ന് കണക്കാക്കേണ്ടതുണ്ട്. ക്ഷേമസംവിധാനത്തിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പങ്ക് അംഗീകരിക്കുന്നതിന് ഒരു യഥാർത്ഥ ചിത്രം ഇത് നൽകും. വിദ്യാർത്ഥി കൺസെഷൻ എന്ന ക്ഷേമപദ്ധതിയുടെ യഥാർത്ഥ ഗുഭോക്താക്കളെ കണ്ടെത്തുകയും, സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് ഭാരമുണ്ടാക്കാതെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ബദൽ സംവിധാനങ്ങൾ നിർദ്ദേശിക്കണം. ഒപ്പം നിലവിലെ നയം പുനഃപരിശോധിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

(ലേഖകർ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിൽ ഗവേഷണ വിദ്യാർത്ഥികളാണ് )

TAGS: STUDENTS CONCESSION IN PRIVATE BUS IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.