തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ ഹർജിക്കാരൻ ആർ എസ് ശശികുമാർ നൽകിയ ഇടക്കാല ഹർജി ലോകായുക്ത തള്ളി. ഇടക്കാല ഹർജി നൽകിയത് കേസ് നീട്ടാനാണോ എന്ന് ലോകായുക്തയും ഉപലോകായുക്തമാരും വാദത്തിനിടെ ചോദിച്ചു.
ഹർജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമർശിച്ചു. വാദിക്കാതെ കാര്യങ്ങൾ എഴുതി നൽകാമെന്ന് പറഞ്ഞത് ശരിയല്ലെന്നും താങ്കൾക്ക് നാണമില്ലേയെന്നും ഉപലോകായുക്ത ബാബു മാത്യു പി. ജോസഫ് ചോദിച്ചു. അഭിഭാഷകൻ സുബെെർ കുഞ്ഞാണ് ഹർജിക്കാരനായി ഹാജരായത്.
കേസിലെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേൾക്കുമെന്നുമുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ആർ എസ് ശശികുമാർ ഇടക്കാല ഹർജി ഫയൽ ചെയ്തത്.
പുനഃപരിശോധനാ ഹർജി ഹെെക്കോടതി തന്നെ തള്ളിയ സ്ഥിതിയ്ക്ക് ലോകായുക്തയിൽ നൽകിയ പുനഃപരിശോധനാ ഹർജിക്ക് എന്തു പ്രസക്തിയെന്ന് ലോകായുക്ത ചോദിച്ചു. നിയമം അറിയില്ലെങ്കിൽ വീണ്ടും എൽഎൽബിക്ക് പോകണം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ലോകായുക്ത ചോദിച്ചു.
പുനഃപരിശോധനാ ഹർജി ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ട്. ശശികുമാറിന്റെ ഇടക്കാല ഹർജി തള്ളണോ അതോ ഹർജിക്കാരൻ തന്നെ പിൻവലിക്കുന്നുവോ എന്നും ലോകായുക്തയെ കളിയാക്കാനാണോ ഹർജി കൊണ്ടുവന്നതെന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |