തൃശൂർ: രാമവർമപുരം വൃദ്ധസദനത്തിൽ വച്ച് വിവാഹിതരായ ദമ്പതികളിൽ ഭർത്താവ് അന്തരിച്ചു. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന കൊച്ചനിയൻ ആണ് അന്തരിച്ചത്. മൃതദേഹം പതിനൊന്നരയ്ക്ക് ലാലൂർ ശ്മശാനത്തിൽ സംസ്‌കരിക്കും. 2019 ഡിസംബർ 28നായിരുന്നു കൊച്ചനിയനും -ലക്ഷ്മി അമ്മാളും വിവാഹിതരായത്.
മുൻ മന്ത്രി വി.എസ് സുനിൽകുമാറായിരുന്നു വധുവിന്റെ കൈ പിടിച്ചു നൽകിയത്. അന്നത്തെ മേയർ അജിത വിജയനായിരുന്നു വധുവിനെ താലവുമായി മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. അന്തേവാസികൾ കൂട്ടിവച്ചുണ്ടാക്കിയ സമ്പാദ്യത്താലാണ് താലിമാല വാങ്ങിയത്.
തൃശൂർ പഴയനടക്കാവ് സ്വദേശിനിയായ ലക്ഷ്മിയമ്മാൾ പതിനാറാം വയസിൽ വിവാഹിതയായിരുന്നു. പാചക സ്വാമിയെന്ന് അറിയപ്പെടുന്ന 48 കാരനായ കൃഷ്ണയ്യർ സ്വാമിയായിരുന്നു ഭർത്താവ്. അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിൽ നാദസ്വരം വായിക്കാനെത്തിയതായിരുന്നു കൊച്ചനിയൻ. ഇവരുമായുള്ള സൗഹൃദത്തെ തുടർന്ന് പിന്നീട് നാദസ്വരം വായനനിർത്തി കൊച്ചനിയൻ സ്വാമിയുടെ പാചകസഹായിയായി. 20വർഷം മുമ്പ് കൃഷ്ണസ്വാമി മരണപ്പെട്ടു. മക്കളില്ലാതെ ഒറ്റക്കായ ലക്ഷ്മിയമ്മാളെ പുനർവിവാഹം കഴിക്കാൻ കൊച്ചനിയൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അന്ന് സമ്മതിച്ചില്ല. കൊച്ചനിയൻ പിന്നീട് വിവാഹിതനായെങ്കിലും ഭാര്യ മരിച്ചു. ഇതിനിടെ മൂന്ന് വർഷം മുമ്പ് ലക്ഷ്മിയമ്മാൾ രാമവർമപുരം വൃദ്ധസദനത്തിലെത്തി.
കൊച്ചനിയൻ അമ്മാളെ കാണാനെത്താറുണ്ട്. ഒരിക്കൽ ഗുരുവായൂരിൽ കുഴഞ്ഞുവീണ കൊച്ചനിയനെ ആശുപത്രിയിലും പിന്നീട് വയനാട് വൃദ്ധസദനത്തിലുമാക്കി. ഇവിടെ വച്ച് ലക്ഷ്മിയമ്മാളെക്കുറിച്ച് പറഞ്ഞതോടെ കൊച്ചനിയനെ രാമവർമപുരത്ത് എത്തിച്ചു. വൃദ്ധസദനങ്ങളിൽ കഴിയുന്നവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് സാമൂഹ്യനീതി വകുപ്പ് അനുവാദം നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |