തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ അക്ഷയ കേന്ദ്രങ്ങൾ നിലനില്പിനാവശ്യമായ വരുമാനംകിട്ടാതെ അടച്ചിടേണ്ട ഗതികേടിലാകുന്നു. സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം വാങ്ങി കൃത്യമായി പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രളാണ് പ്രതിസന്ധി നേരിടുന്നത്. എന്നാൽ, പേരുദോഷമുണ്ടാക്കുന്ന കമ്മട്ടക്കാർ ഈ മേഖലയിലുമുണ്ട്. സേവന നിരക്കുകൾ പ്രദർശിപ്പിക്കാത്തതാണ് കമ്മട്ടത്തിന് തുണയാവുന്നത്.
2018 ലാണ് അക്ഷയ കേന്ദ്രങ്ങൾക്ക് സേവന നിരക്ക് നടപ്പാക്കിയത്. രണ്ടു വർഷത്തിലൊരിക്കൽ ഫീസ് പുനർ നിശ്‌ചയിക്കുമെന്നായിരുന്നു തീരുമാനം. ചെലവുകളിൽ വൻ വർദ്ധന ഉണ്ടായിട്ടും പിന്നീട് നിരക്ക് കൂട്ടിയില്ല. നിരക്ക് തീരുമാനിച്ചപ്പോൾ ഒരു പായ്ക്കറ്റ് പേപ്പറിന് 160 രൂപ ആയിരുന്നത് ഇപ്പോൾ 300 രൂപ വരെയായി. വൈദ്യുതി, ഇന്റർനെറ്റ് ചാർജ്ജ് എന്നിവയിലും വർദ്ധനവുണ്ടായി. കെട്ടിട വാടകയും കൂടി. ജീവനക്കാരുടെ വേതനം, പ്രിന്ററിനുള്ള മഷി എന്നിവയിലും വലിയ വർദ്ധനയുണ്ടായി.
സ്വന്തമായി ഫീസ് വർദ്ധിപ്പിച്ച ചില സംരംഭകർ അടുത്തിടെ നടന്ന വിജിലൻസ് പരിശോധനയിൽ പിടിയിലായിരുന്നു. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളെല്ലാം അമിത ഫീസ് വാങ്ങുന്നവയാണെന്ന പ്രചാരത്തിനും ഇതിടയാക്കി. തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാനോ പരിഹരിക്കാനോ സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് സംരംഭകരുടെ കൂട്ടയ്മയായ ഫേസ് ( ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണേഴ്‌സ്) ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കുറഞ്ഞത് 3 ജീവനക്കാർ
ഐ.ടി. മിഷന്റെ കീഴിൽ 2002 ലാണ് അക്ഷയ കേന്ദ്രങ്ങൾ ആരംഭിച്ചത്. ചുരുങ്ങിയത് 300 ചതുരശ്ര അടി റൂമും മൂന്ന് കമ്പ്യൂട്ടറും 3 ജീവനക്കാരും വേണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, 1000 ചതുരശ്ര അടിയുള്ള കെട്ടിടവും 10 കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമുള്ളതും 10 വരെ ജീവനക്കാരുള്ളതുമായ സെന്ററുകളുമുണ്ട്. അതിനാൽ ഓരോ സെന്ററിന്റെയും ചെലവിൽ അന്തരമുണ്ട്.
നിലവിലെ സേവന നിരക്കുകൾ
അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന 36 തരം സേവനങ്ങളുടെ നിരക്കുകൾ സംസ്ഥാന ഐടി മിഷൻ പ്രസിദ്ധീകരിച്ചിരുന്നു. അവയിൽനിന്ന്.
ഇ ഡിസ്ട്രിക്ട് സേവനങ്ങൾ (ജനറൽ വിഭാഗം) - 25 രൂപ
തിരിച്ചറിയൽ കാർഡ് അപേക്ഷ - 40 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷ- -20 രൂപ
വിവാഹ രജിസ്‌ട്രേഷൻ -70 രൂപ
ലൈഫ് സർട്ടിഫിക്കറ്റ് - 30 രൂപ.
പാൻകാർഡ്- 80 രൂപ
വിചിത്രം
1. ആധാർ എന്റോൾമെന്റിന് അക്ഷയ കേന്ദ്രങ്ങൾക്ക് സർക്കാർ നൽകുന്നത് 42 രൂപ. ബാങ്കുകൾ, പോസ്റ്റാഫീസുകൾ എന്നിവയ്ക്ക് നൽകുന്നത് 100 രൂപ.
2. അക്ഷയകേന്ദ്രങ്ങൾക്ക് അനുവാദം നൽകിയിട്ടുള്ള ഇ ഡിസ്ട്രിക്ട്, റേഷൻ കാർഡ്, കെ.എൻ.ആർ.കെ, യു.ഐ.ഡി ആധാർ സേവനങ്ങളെല്ലാം ഓൺലൈൻ സെന്ററുകൾ ഓപ്പൺ പോർട്ടൽ വഴി ചെയ്യുകയും ഭീമമായ നിരക്ക് ഈടാക്കുകയും ചെയ്യുന്നു.
അക്ഷയ കേന്ദ്രങ്ങൾ -2700
അഞ്ചുവർഷമായിട്ടും സേവനങ്ങളുടെ നിരക്ക് പരിഷ്‍കരിക്കാത്തതിനാൽ സംരംഭകർ ബുദ്ധിമുട്ടിലാണ്.
-സ്റ്റീഫൻ ജോൺ
പ്രസിഡന്റ്
ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |