തിരുവനന്തപുരം: സംസ്‌ഥാന സഹകരണ ടൂറിസം ഫെഡറേഷൻ (ടൂർഫെഡ്) സഞ്ചാരികൾക്കായി രണ്ടു പുതിയ പാക്കേജുകൾ അവതരിപ്പിച്ചു. ആഡംബര കപ്പൽ യാത്രയുമായി അറേബ്യൻ സീ പാക്കേജ്, ജഡായു-മൺറോതുരുത്ത് പാക്കേജ് എന്നിവയാണവ. ടൂർഫെഡ് ചെയർമാൻ സി. അജയകുമാറിൽ നിന്ന് പാക്കേജുകൾ ഏറ്റുവാങ്ങി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്‌തു.
രാവിലെ ആറു മണിക്ക് തിരുവനന്തപുരത്ത് നിന്ന് ജനശതാബ്‌ദി ട്രെയിനിൽ കൊച്ചിയിൽ എത്തി, സർക്കാർ ഗസ്‌റ്റ് ഹൗസിൽ നിന്ന് പ്രഭാതഭക്ഷണത്തിന് ശേഷം കേരളത്തിലെ ആദ്യ ആഡംബര കപ്പലായ നെഫർറ്രിറ്രിയിൽ മൂന്നു മണിക്കൂർ കടൽ യാത്ര ഒരുക്കുന്നതാണ് അറേബ്യൻ സീ പാക്കേജ്. കപ്പലിൽ 200 പേർക്ക് യാത്ര ചെയ്യാം. തിരികെ ഗസ്‌റ്ര് ഹൗസിൽ എത്തി ഉച്ചഭക്ഷണം. തുടർന്ന് കൊച്ചി കാഴ്‌ചകൾക്ക് ശേഷം ജനശതാബ്‌ദി ട്രെയിനിൽ മടക്കം.
ഭക്ഷണം ഉൾപ്പെടെ പാക്കേജ് നിരക്ക് 3,300 രൂപ. 500 രൂപ മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. ജടായു-മൺറോതുരുത്ത് പാക്കേജ് രാവിലെ ആറിന് എ.സി. ബസിൽ പുറപ്പെടും. എട്ടിന് മൺറോതുരുത്തിലെത്തി പ്രഭാതഭക്ഷണം. തുടർന്ന്, മൺറോതുരുത്തിൽ ജലയാത്ര. അഷ്‌ടമുടി കായലിൽ ജങ്കാർ യാത്രയും കഴിഞ്ഞ്, വിഭവസമൃദ്ധമായ നാടൻ ഉച്ചയൂണ്. പിന്നീട്, ചടയമംഗലത്തിന് നിന്ന് കേബിൾ കാർ വഴി ജടായു ശില്‌പസന്ദർശനം. രാത്രിഭക്ഷണവും കഴിഞ്ഞ്, ഒമ്പതിന് മടക്കം. ഫീസ് 2,500 രൂപ. 500 രൂപ മുൻകൂർ അടച്ച് ബുക്ക് ചെയ്യാമെന്ന് മാനേജിംഗ് ഡയറക്‌ടർ ഷാജി മാധവൻ പറഞ്ഞു. ഫോൺ: 0471-2724023.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |