ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്നൗവിലെ വസതിയിലെത്തി സന്ദർശിച്ച് നടൻ രജനികാന്ത്. വസതിയിൽ വച്ച് യോഗി ആദിത്യനാഥിന്റെ പാദങ്ങൾ തൊട്ട് രജനി അനുഗ്രഹം വാങ്ങിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. 'ജയിലർ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരം ഉത്തർപ്രദേശിലെത്തിയത്. കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് രജനിയ്ക്ക് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹവും സമ്മാനിച്ചു.
കഴിഞ്ഞദിവസം ജാർഖണ്ഡിലെ ഛിന്നമസ്താ ക്ഷേത്രത്തിലും രജനി ദർശനം നടത്തിയിരുന്നു. ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ഋഷികേശിൽ ദയാനന്ദ സ്വാമി ആശ്രമത്തിലും അദ്ദേഹം സന്ദർശനം നടത്തി. ജയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ആത്മീയ യാത്രയിലാണ് അദ്ദേഹം. സുഹൃത്തുക്കൾക്കൊപ്പം ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങളും ബദരീനാഥ് ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
#WATCH | Actor Rajinikanth meets Uttar Pradesh CM Yogi Adityanath at his residence in Lucknow pic.twitter.com/KOWEyBxHVO
— ANI (@ANI) August 19, 2023
നേരത്തെ ജയിലർ ചിത്രം ലക്നൗവിൽ പ്രദർശിപ്പിച്ചിരുന്നു. മന്ത്രി കേശവ് പ്രസാദ് മൗര്യ തനിയ്ക്ക് ജയിലർ ചിത്രം കാണാൻ അവസരം ലഭിച്ചെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. രജനികാന്തിന്റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ടെന്നും വളരെ കഴിവുള്ള ഒരു നടനാണ് അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |