ചെന്നൈ : പഴയസിനിമയിൽ കാണുന്നത് പോലെ ഗോതമ്പ് ഉണ്ടയും, സാദാ കഞ്ഞിയും പോരാഞ്ഞിട്ട് കഠിനമായ പാറ പൊട്ടിക്കൽ ജോലിയൊന്നുമല്ല ഇന്നത്തെ ജയിൽ ജീവിതം. പൊലീസ് കാവലിൽ ചിക്കനും മട്ടനുമെല്ലാം വിളമ്പുന്ന ഹൈടെക്ക് ജയിലുകളാണ് ഇന്നുള്ളത്. അങ്ങനെയുള്ളപ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നയാൾക്ക് ജയിൽ ജീവിതം മിസ് ചെയ്യുന്നത് തീർത്തും സ്വാഭാവികം മാത്രമായിരിക്കും. ഇത് കൂടാതെ വീട്ടിലും നാട്ടിലും പരിഗണന കൂടി ലഭിക്കാതെ വരുമ്പോൾ തിരികെ തറവാട്ടിൽ പോകാനെ ഏതൊരു കുറ്റവാളിയും ശ്രമിക്കുകയുള്ളു.
തമിഴ്നാട് സ്വദേശിയായ ജ്ഞാനപ്രകാശത്തിന്റെ ജീവിതത്തിലും സംഭവിച്ചത് ഇത് മാത്രമാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് മോഷണക്കേസിലാണ് ജ്ഞാനപ്രകാശത്തെ പിടികൂടിയത് തുടർന്ന് പുഴൽ ജയിലിൽ തടവിലാക്കുകയും ചെയ്തു.
ജയിലിൽ നിന്നും കഴിഞ്ഞ മാസം അവസാനത്തോടെ പുറത്തിറങ്ങിയപ്പോഴാണ് ജയിൽ ജീവിതത്തിന്റെ ശരിക്കും സുഖം ജ്ഞാനപ്രകാശം തിരിച്ചറിഞ്ഞത്. വീട്ടിലെത്തിയപ്പോൾ വീട്ടുകാർ മോശമായി പെരുമാറുക കൂടി ചെയ്തതോടെ എങ്ങനെയെങ്കിലും തിരികെ ജയിലിലെത്തിയാൽ മതി എന്ന ചിന്തയിലായി ജ്ഞാനപ്രകാശം. മോഷണം നടത്തി ജയിലിൽ പോവുക തന്നെയാണ് നല്ലതെന്ന് തോന്നിയ ഇയാൾ ഒരു ബൈക്ക് മോഷ്ടിച്ചെടുത്താണ് ജയിലിലേക്കുള്ള യോഗ്യത സ്വന്തമാക്കിയത്. ഇതിനായി സി.സി.ടി.വി കാമറ സ്ഥാപിച്ചയിടം നോക്കിയ ശേഷം ബൈക്ക് എടുത്തുകൊണ്ട് പോവുകയായിരുന്നു. മോഷണ ബൈക്കിൽ യാത്ര ചെയ്യവേ നാട്ടുകാരാണ് ഇയാളെ പൊലീസിന് പിടികൂടി നൽകിയത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയിലിലെ സുഖത്തെക്കുറിച്ച് മോഷ്ടാവ് മനസ് തുറന്നത്. ഏതായാലും ആഗ്രഹം പോലെ വീണ്ടും പുഴൽ ജയിലിൽ എത്തിയിരിക്കുകയാണ് ജ്ഞാനപ്രകാശം. ജയിലിൽ സുഖം നിറയ്ക്കുന്ന ജീവിത രീതികൾ ഏർപ്പെടുത്തുന്ന അധികാരികൾ ഇതൊന്നു കണ്ട് കണ്ണുതുറന്നാൽ നന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |