
പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച ദേവസ്വം ജീവനക്കാർ പിടിയിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി നായർ (51) എന്നിവരെയാണ് ദേവസ്വം വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇവർ താൽക്കാലിക ജീവനക്കാരാണ്. സന്നിധാനം പൊലീസിന് ഇവരെ കൈമാറിയിട്ടുണ്ട്.
ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടതോടെയാണ് സംശയം തോന്നിയത്. വിദേശ കറൻസികളിൽ കോട്ടിംഗ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ലെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. ഗോപകുമാറിൽ നിന്ന് മലേഷ്യൻ കറൻസിയും സുനിലിൽ നിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് പിടികൂടിയത്.
ഇവർ താമസിച്ചിരുന്ന മുറികളിൽ നടത്തിയ പരിശോധന നടത്തിയിരുന്നു. ഗോപകുമാറിന്റെ ബാഗിൽ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉൾെപ്പടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വർണലോക്കറ്റും കണ്ടെടുത്തു. സുനിലിന്റെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറൻസികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലൻസ് എസ് പി വി സുനിൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |