
അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്‌റ്റിമിയസ് അവാർഡ്‌സിൽ നോമിനേഷൻ നേടിയ ഇന്ത്യൻ താരങ്ങളായി ടൊവിനോ തോമസും രശ്‌മിക മന്ദാനയും. ഏതൊരു താരവും കൊതിക്കുന്ന സ്വപ്‌നതുല്യമായ പുരസ്‌കാരത്തിന് അർഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018, എവരിവൺ ഈസ് എ ഹീറോ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ടൊവിനോ നോമിനേറ്റ് ചെയ്യപ്പെട്ടത്. മികച്ച ഏഷ്യൻ സിനിമ വിഭാഗത്തിൽ 2018 നോമിനേഷൻ നേടിയിട്ടുണ്ട്. 200 കോടി ക്ളബിൽ ഇടംപിടിച്ച ആദ്യ മലയാള സിനിമയാണ് 2018. കേരളത്തെ പിടിച്ചുകുലുക്കിയ 2018ലെ പ്രളയം ആസ്‌പദമാക്കിയുള്ള ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ലാൽ, നരേൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, അജു വർഗീസ് ഉൾപ്പെടെ ഒരു വമ്പൻ താരനിര തന്നെ അണിനിരന്നിരുന്നു.

നെതർലാൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ വർഷാവർഷം നടക്കുന്ന അന്തർദേശീയ ചലച്ചിത്ര പുരസ്‌കാരമാണ് സെപ്‌റ്റിമിയസ് അവാർഡ്‌സ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ ഓരോ ഭൂഖണ്ഡങ്ങളിലെയും മികച്ച നടൻ, നടി, സിനിമ തുടങ്ങിയ വിഭാഗങ്ങൾ പുരസ്‌കാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ഇന്ത്യയിൽ നിന്ന് ടൊവിനോ തോമസ്, രശ്‌മിക മന്ദാന, നമിത ലാൽ എന്നിവർ ഉൾപ്പെട്ടിരിക്കുന്നത്. സെപ്‌തംബർ 26നാണ് ഈ വർഷത്തെ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |