യുവതലമുറയെ ലഹരിയുടെ മായിക വലയിലാക്കുന്ന കണ്ണികൾ പൊട്ടിക്കാനാകാതെ പൊലീസും എക്സൈസും കുഴങ്ങുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നു മാത്രമല്ല വിദേശങ്ങളിൽ നിന്നു പോലും വൻതോതിൽ ലഹരിവസ്‌തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. എം.ഡി.എം.എ പോലുള്ള അതീവ മാരകമായ ലഹരിവസ്തുക്കൾ തപാൽവഴി പോലും എത്തുന്നുവെന്ന റിപ്പോർട്ടുകൾ അങ്ങേയറ്റം ഉത്‌കണ്ഠ പകരുന്നതാണ്. നാല്പതു കോടിയിൽപ്പരം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടിയത് ഈ അടുത്ത ദിവസമാണ്. ലഹരി ഉപയോഗത്തിനെതിരെ സ്‌കൂൾതലം മുതൽ വമ്പിച്ച ബോധവത്‌കരണമാണ് സർക്കാർ ആഭിമുഖ്യത്തിലും സംഘടനകളുടെ നേതൃത്വത്തിലും നടന്നുവരുന്നത്. ലഹരിവില്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ സംഖ്യയിലും കാണാം ഗണ്യമായ വർദ്ധന. ഇക്കഴിഞ്ഞ ജനുവരി മുതൽ മേയ് വരെ സംസ്ഥാനത്ത് 2726 പേരാണ് ലഹരിവില്പനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ലഹരി ഉപയോഗം എത്രത്തോളം വ്യാപകമായിക്കഴിഞ്ഞു എന്നതിന്റെ തെളിവാണിതൊക്കെ.
ലഹരിക്കെതിരെ സർക്കാർതലത്തിൽ വേട്ട ശക്തിപ്പെടുത്തുമ്പോഴും മറുഭാഗത്ത് അതിന്റെ ശൃംഖലകൾ ഗ്രാമാന്തരങ്ങളിൽ വരെ പടർന്നെത്തുന്നു എന്നതാണ് ഉത്‌കണ്ഠയുളവാക്കുന്ന കാര്യം. ലഹരിമാഫിയകൾക്കു നിർബാധം പ്രവർത്തിക്കാനും സ്വന്തം സാമ്രാജ്യങ്ങൾ വളർത്താനുമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ വേണ്ടുവോളമുള്ളതാണ് മാഫിയകൾ തഴച്ചുവളരാൻ പ്രധാന കാരണം. ലഹരി വില്പനയ്ക്കു പിന്നിലെ ചെറുകിടക്കാരാണ് പലപ്പോഴും പിടിയിലാകുന്നത്. വമ്പന്മാർ രക്ഷപ്പെടുകയാണ് പതിവ്. ഉന്നത രാഷ്ട്രീയബന്ധങ്ങൾ അവർക്ക് തുണയാകുന്നു. ഇടത്തരക്കാർ പിടിക്കപ്പെട്ടാലും രക്ഷപ്പെടുത്താൻ രാഷ്ട്രീയക്കാർ ഒപ്പമുണ്ടാകും.
നാട്ടിൽ പലയിടത്തും സംഘടിതമായ അക്രമപ്രവർത്തനങ്ങൾക്കും കൊലപാതകൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ഇന്ധനം പകരുന്നത് ലഹരി മായിഫകളാണ്. ഈ സംഘങ്ങൾ തമ്മിൽ കുടിപ്പക മൂർച്ഛിച്ച് കൊലപാതകത്തിൽവരെ എത്താറുണ്ട്. തിരുവനന്തപുരം ജില്ലയിൽത്തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന ചില സംഭവങ്ങൾ ലഹരിക്കച്ചവടത്തിലെ ലാഭം വീതം വയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ നിന്നുണ്ടായതാണ്. വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും ചുറ്റും ലഹരിവില്പനയും ഉപയോഗവും കർക്കശമായി തടയാൻ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടും വേണ്ടത്ര ഫലമുണ്ടായില്ലെന്നാണ് അനുഭവം. സ്‌കൂൾ - കോളേജ് കുട്ടികളെത്തന്നെ ക്യാരിയർമാരാക്കി ലഹരിവില്പന കൊഴുപ്പിക്കാൻ മാഫിയകൾ രംഗത്തുണ്ടെന്നതാണ് പേടിപ്പെടുത്തുന്ന കാര്യം.
ഇവിടെയെന്നല്ല എവിടെയും ലഹരിമാഫിയകളെ നിയന്ത്രിക്കുകയെന്നത് അതീവ ശ്രമകരമായ ദൗത്യമാണ്. രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണം കൂടിയുണ്ടെങ്കിലേ അതിൽ കുറച്ചെങ്കിലും വിജയിക്കാനാകൂ. ലഹരിമാഫിയകളെ ഒരു കാരണവശാലും സഹായിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിജ്ഞയെടുക്കണം. തങ്ങളുടെ അനുയായികളും പ്രവർത്തകരും പൂർണമായും ലഹരിക്കച്ചവടക്കാരുടെ പറ്റുകാരല്ലെന്ന് നേതൃത്വങ്ങൾ ഉറപ്പാക്കണം. ലഹരിക്കേസുകളിൽ സംസ്ഥാനത്ത് ഒരു വർഷം എട്ടുമടങ്ങു വർദ്ധനയുണ്ടെന്നാണ് പൊലീസ് രേഖകൾ പറയുന്നത്. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ലഹരിവിരുദ്ധ വിഭാഗങ്ങൾ ഉള്ളതുകൊണ്ടായില്ല. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താനും അവരെ ഈ ദുശ്ശീലത്തിൽനിന്നു പിന്തിരിപ്പിക്കാനും കഴിയണം. പ്രാദേശികതലത്തിൽ രാഷ്ട്രീയക്കാർക്കാവും ലഹരിക്കെതിരായ പോരാട്ടം ഫലപ്രദമായി നയിക്കാനാവുക. ലഹരിവില്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതരെ അറിയിക്കാൻ ജനങ്ങൾക്കു ഭയമാണ്. പ്രതികാര നടപടി പേടിച്ചാണത്. ഇതിനായി പൊലീസിലും എക്‌സൈസിലും വിവരം അറിയിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്ത സംവിധാനം ഏർപ്പെടുത്തുന്നതും നന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |