പ്രതികൂല കാലാവസ്ഥയിൽ കിളികൾ സുരക്ഷിതമായ ചില്ലയിൽ ചേക്കേറുന്നതു പോലെ ഇടനിലക്കാരുടെ കൊടിയ ചൂഷണത്തിൽനിന്ന് മറയൂരിലെ ആദിവാസികളെ രക്ഷിക്കാൻ വനപാലകർ ഒരുക്കിയ ഇടമാണ് 'ചില്ല' എന്ന ലേലവിപണി. എല്ലാ വ്യാഴാഴ്ചകളിലുമാണ് പ്രവർത്തനം. ആദിവാസികളുടെ ഉത്പന്നങ്ങൾ തുച്ഛവിലയ്ക്ക് വിലപേശി വാങ്ങുന്നതിന് വനപാലകരിൽ പലരും ദൃക്‌സാക്ഷികളായതാണ് ചില്ലയ്ക്ക് വിത്തിടാൻ പ്രേരണയായത്. ഒൻപത് വർഷം മുമ്പ്, മറയൂർ ടൗണിൽ മുതുവാൻ വിഭാഗത്തിൽപ്പെട്ട ഒരു കർഷകന്റെ പശുവിന് കച്ചവടക്കാരൻ വിലപേശുന്നത് വനപാലകർ കണ്ടു. എട്ടായിരം രൂപ നിശ്ചയിച്ചു. വനപാലകർ കച്ചവടക്കാരനോട് കൂടുതൽ നൽകാൻ ആവശ്യപ്പെട്ടു. കൂടുതൽ കിട്ടില്ലെന്നായി കച്ചവടക്കാരൻ. കിട്ടുമെന്ന് വനപാലകരും. പശുവിനെ തങ്ങൾ വിറ്റുതരാമെന്ന് കർഷകന് ഉറപ്പുകൊടുത്ത് അതിനെ വനംവകുപ്പ് ഓഫീസ് മുറ്റത്ത് കെട്ടിയിട്ട് പിറ്റേന്ന് ലേലത്തിൽ വിറ്റു. കിട്ടിയത് കച്ചവടക്കാരൻ വാഗ്ദാനം ചെയ്തതിന്റെ മൂന്നിരട്ടി. 24,000 രൂപ കെെയിൽ കിട്ടിയ ആദിവാസി കർഷകൻ ഞെട്ടിപ്പോയി. എന്തുകൊണ്ട് ഇതുപോലെ ആദിവാസികളുടെ വന, കാർഷിക ഉത്പന്നങ്ങൾ വിറ്റ് അവരെ സഹായിച്ചുകൂടാ? ഈ ചിന്തയിൽ നിന്നാണ് 'ചില്ല' മുളച്ചത്.
2014ൽ മറയൂർ ചന്ദന ഡിവിഷന്റെ ഓഫീസ് മുറ്റത്ത് ചെറിയരീതിയിൽ ആദിവാസികളുടെ ഉത്പന്നങ്ങൾ ലേലത്തിൽ വിൽക്കാൻ തുടങ്ങി. അപരിചിത മേഖലയിൽ തൊട്ട് കെെപൊള്ളുമോ എന്ന് ഉദ്യോഗസ്ഥർ ഭയന്നിരുന്നു. എന്നാൽ ഇടനിലക്കാരുടെ കൊള്ളയിൽനിന്ന് ആദിവാസികളെ മോചിപ്പിക്കണമെന്ന ദൃഢനിശ്ചയം വിജയത്തിന് വഴിയൊരുക്കി.
ലേലവിവരം കച്ചവടക്കാരെയും ഇടനിലക്കാരെയും അറിയിച്ചായിരുന്നു തുടക്കം. ക്രമേണ പലരും പറഞ്ഞറിഞ്ഞ് വിപണി വളർന്നു. ഇടനിലക്കാരെ തഴഞ്ഞ് ചില്ലയിലെത്തുന്ന ആദിവാസികൾ കൂടി. ഇത്രയും കാലം തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ അവർ വനപാലകർക്കൊപ്പം നിന്നു. മറയൂരിലെ മായമില്ലാത്ത ഉത്പന്നങ്ങൾ കിട്ടാൻ ചില്ലയിൽ ചേക്കേറുകയേ വഴിയുള്ളൂ എന്ന് ഇടനിലക്കാർക്കും ബോദ്ധ്യമായി. കാപ്പിക്കുരു, കൂർക്ക, നെല്ലിക്ക, പഴം, ആട്, മാട്, കോഴി, തേൻ, കുന്തിരിക്കം, കാന്താരി മുളക് തുടങ്ങി എന്തും ഏത് അളവിലും ആദിവാസികൾക്ക് ചില്ലയിൽ വിൽക്കാം. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ അഞ്ച് മുതൽ ഏഴു കിലോമീറ്റർ ദൂരത്തുള്ള 35 ഓളം കോളനികളിൽ നിന്ന് മൂന്നൂറോളം പേർ ചന്തയിൽ വിൽപ്പനയ്ക്കെത്തുന്നു. കർഷകന്റെ പേര്, ഉത്പന്നത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ലേലം. സീസണിൽ ആഴ്ചയിൽ ഒരു ദിവസത്തെ വിറ്റുവരവ് ശരാശരി 10 ലക്ഷമായി. കിട്ടിയതുക ഉടൻ കർഷകരിലേക്കെത്തുന്നു.
സീസൺ അനുസരിച്ചാണ് ഉത്പന്നങ്ങളെത്തുക. കൊണ്ടുവന്നവയെല്ലാം വിൽക്കാനായി. മറയൂർ, നെടുങ്കണ്ടം, തൊടുപുഴ, കട്ടപ്പന, തൃശൂർ, അങ്കമാലി, പെരുമ്പാവൂർ, ആലുവ, കണ്ണൂർ, മധുര, പൊള്ളാച്ചി, ഉദുമൽപ്പേട്ട, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മൊത്തമായി വാങ്ങാനെത്തുന്നുവരുണ്ട്. മറയൂരിലെ മണ്ണിന്റെയും വെള്ളത്തിന്റെയും സവിശേഷത മൂലമുള്ള മികവ് മറ്റ് സ്ഥലങ്ങളിലെ കാർഷികോത്പന്നങ്ങൾക്ക് ഇല്ല. മറയൂരിലെ കൂർക്കയുടെ വലിപ്പം കാന്തല്ലൂരിൽ പോലുമില്ല.
വിലനിശ്ചയിക്കാൻ ആദിവാസി കർഷകർ
നിരവധി ഗൃഹപാഠങ്ങൾക്കു ശേഷമാണ് ചില്ലയുണ്ടായത്. കോളനികളിലെ വനസംരക്ഷണ സമിതി (വി.എസ്.എസ്) ഭാരവാഹികൾ, വനപാലകർ എന്നിവരെ ഉൾപ്പെടുത്തി യോഗങ്ങൾ ചേർന്നു. മറയൂർ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയെന്ന (എഫ്.ഡി.എ) സൊസെെറ്റിയുണ്ടാക്കി. ചില്ലയ്ക്ക് അടിസ്ഥാന സൗകര്യങ്ങളും മറ്റുമൊരുക്കാൻ റിവോൾവിംഗ് ഫണ്ടായി മൂന്നുലക്ഷം സമാഹരിച്ചു. വിപണി നടത്തിപ്പ് പെരിയകുടി വി.എസ്.എസിനെ ഏൽപ്പിച്ചു. മറയൂർ ടൗണിൽ നിന്ന് 200 മീറ്റർ മാത്രം അകലെ, വനംവകുപ്പിന്റെ ഓഫീസ് പരിസരത്ത് 600 ചതുരശ്രമീറ്റർ ചില്ലയ്ക്കായി ഒരുക്കി. ആദിവാസികളെയും ഉൾപ്പെടുത്തിയ വി.എസ്.എസ് യോഗങ്ങളിലാണ് ചില്ലയുടെ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കാണ് മേൽനോട്ടച്ചുമതല. പെരിയകുടി വി.എസ്.എസ്, ആദിവാസി പ്രതിനിധികൾ, വി.എസ്.എസ് ചുമതലപ്പെടുത്തിയ സെയിൽസ് ജീവനക്കാർ തുടങ്ങിയവർ സഹായിക്കും.
കർഷകന്റെയും ഉത്പന്നത്തിന്റെയും പേരും തൂക്കവും അടിസ്ഥാനവിലയും നിശ്ചയിച്ച് കർഷകന്റെ സാന്നിദ്ധ്യത്തിലാണ് ലേലം. തൃപ്തികരമായ വിലയ്ക്ക് കർഷകന് വിൽക്കാം. അടിസ്ഥാനവിലയിൽ കുറച്ച് വിൽക്കില്ല. രണ്ടായിരം വരെയുള്ള വിൽപ്പനയ്ക്ക് വി.എസ്.എസ് അഞ്ചുശതമാനം കെെമാറ്റ ചാർജ്ജായി ഈടാക്കും. പതിനായിരം വരെ മൂന്നും അതിന് മുകളിൽ രണ്ടും ശതമാനം. ബാക്കി തുക ആദിവാസി കർഷകന് ചെക്കായോ അക്കൗണ്ടിലേക്കോ, ആയിരം രൂപ വരെ പണമായോ അന്നുതന്നെ നൽകും. കെെമാറ്റ നിരക്കായി ലഭിക്കുന്ന തുക വെെദ്യുതി, വെള്ളം ബിൽ, ഓഫീസ് സ്റ്റേഷനറി, കയറ്റിറക്ക് തുടങ്ങിയവയ്ക്ക് ഉപയോഗിക്കും. ബാക്കി തുകയിൽ പകുതി വീതം വി.എസ്.എസിലും എഫ്.ഡി.എയിലും കരുതൽ ധനമായി സൂക്ഷിക്കും. വട്ടിപ്പലിശക്കാരും ഇടനിലക്കാരും വില നിശ്ചയിച്ചിരുന്ന രീതിയാണ് ഇതോടെ മാറിയത്. മദ്യവും പുകയിലയും മറ്റ് ലഹരിവസ്തുക്കളുമായി കോളനികളിലെത്തി ആദിവാസികളെ കബളിപ്പിച്ച് കാർഷികോത്പന്നങ്ങൾ കൊള്ളയടിച്ചിരുന്ന രീതിയും മാറി. ഇത്തരക്കാർക്ക് നൽകിയതിനെക്കാൾ മൂന്നോ നാലോ ഇരട്ടി വരുമാനമാണ് ഇപ്പോൾ ആദിവാസികൾക്ക് ലഭിക്കുന്നത്.
വില ചില്ലയ്ക്ക് മുമ്പ്, ശേഷം (കിലോഗ്രാമിൽ)
ബട്ടർ ബീൻസ് 10 - 20 .......... 60 -130
നെല്ലിക്ക 5 - 10 .......... 15 - 40
കാന്താരി മുളക് 10 -100 .......... 150 - 550
നാരങ്ങ 15 - 35 .......... 30 -100
കാട്ടുതേൻ 100 - 200 .......... 350 - 600
ഇഞ്ചി 15 - 30 .......... 30 - 65
മരത്തക്കാളി 10 - 40 .......... 60 - 110
ചില്ലയിലെ വിറ്റുവരവ്
(അഞ്ചുവർഷത്തെ താരതമ്യം)
2014-15 .......... 21.29 ലക്ഷം
2019-20 .......... 90.24 ലക്ഷം
ചില്ലയുണ്ടാക്കിയ നേട്ടം
വർഷം, വിറ്റുവരവ്, കർഷകർക്ക് ലഭിച്ചത്, ചെലവ്, വി.എസ്.എസിന് ലഭിച്ചത്, എഫ്.ഡി.എയ്ക്ക് ലഭിച്ചത്
2014-15..... 21,29,459..... 20,22,986.....10,123..... 48,175..... 48,175
2015-16..... 23,19,999..... 22,20,628.....30,751..... 34,310....34,310
2016-17..... 35,62,686..... 34,20,313..... 21,301..... 60,536..... 60,536
2017-18..... 47,43,829..... 45,59,476..... 67,923..... 58,215..... 58,215
2018-19..... 64,88,330..... 62,93,680..... 66,724..... 63,963..... 63,963
2019-20..... 90,24,362..... 87,15,319..... 88,970.....110,036.....110,036
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |