വൈദ്യുതി നിരക്കു വർദ്ധനവുമായി ബന്ധപ്പെട്ട് കേരളകൗമുദി പത്രത്തിൽ വന്ന എഡിറ്റോറിയൽ ശ്രദ്ധിച്ചു. വൈദ്യുതി മേഖല കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. വൈദ്യുതി നിരക്ക് വർദ്ധനവിനെ വേറിട്ട് കാണാതെ നിലനിൽക്കുന്ന പ്രതിസന്ധികളെ സമഗ്രമായി കാണാൻ കഴിയേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം ഏറ്റെടുത്തിട്ടുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുകൂടി ഈ സന്ദർഭം ഉപയോഗപ്പെടണം.
വൈദ്യുതി ഉത്പാദനം
കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ മുപ്പതുശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. പദ്ധതികൾ ഏറ്റെടുക്കുന്നതിലും പൂർത്തീകരിക്കുന്നതിലും പാകപ്പിഴകൾ ഉണ്ടാകുന്നുണ്ടെങ്കിലും സംസ്ഥാനം വൈദ്യുതി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ തടസം പൂർണമായും വൈദ്യുതിബോർഡിൽ കെട്ടിവയ്ക്കുന്നത് വസ്തുതാപരമല്ല. സൈലന്റ് വാലിയും, പൂയംകുട്ടിയും അതിരപ്പിള്ളിയുമടക്കം കേരളത്തിന്റെ വൈദ്യുതി വികസനത്തിൽ വലിയ പങ്കുവഹിക്കാൻ സാദ്ധ്യതയുണ്ടായിരുന്ന എത്രയോ പദ്ധതികൾ വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിൽ പെടാത്ത കാരണങ്ങളാൽ നടപ്പാക്കാൻ കഴിയാതെ വന്നിട്ടുണ്ട്. കേരളത്തിൽ വൈദ്യുതി ഉൽപാദനത്തിൽ ആശ്രയിക്കാവുന്ന പ്രധാന സ്രോതസ്സ് വെള്ളമാണ്. കൽക്കരിയടക്കമുള്ള ഇന്ധനസാദ്ധ്യതയൊന്നും നമുക്കില്ല. സ്വാഭാവികമായും ജലവൈദ്യുതിപദ്ധതികൾ എതിർപ്പുകളെ തുടർന്ന് മുടങ്ങുന്നത് കേരളത്തിന്റെ വൈദ്യുതി വികസനത്തെ തന്നെയാണ് ബാധിക്കുന്നത്.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുടങ്ങിക്കിടന്ന പദ്ധതികളാകെ ത്വരിതപ്പെടുത്തി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു.എന്നാൽ ഇത്തരം പദ്ധതികളാകെ പൂർത്തിയാക്കിയാലും സംസ്ഥാനത്തിന്റെ ആകെ വൈദ്യുതി ആവശ്യകത ജലനിലയങ്ങളിൽ നിന്നുമാത്രം നിറവേറ്റുക അസാദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് സോളാർ അടക്കമുള്ള സാദ്ധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് തീരുമാനിച്ചത്. സംസ്ഥാനത്ത് 1000മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗര പദ്ധതിക്ക് ജനങ്ങളുടെ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഇതിൽ 500മെഗാവാട്ട് പുരപ്പുറ പദ്ധതികളായാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഈ പദ്ധതിപ്രകാരം മേൽക്കൂര വിട്ടുനൽകാൻ തയ്യാറായി രണ്ടേമുക്കാൽ ലക്ഷത്തിലധികം ആളുകളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന്റെ സാങ്കേതിക പരിശോധനകൾ നടന്നു വരികയാണ്. സോളാർ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ നമ്മുടെ വൈദ്യുതി ആവശ്യകതയുടെ നേരിയൊരു ഭാഗം മാത്രമേ നിർവഹിക്കപ്പെടുകയുള്ളൂ.അതായത് സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാൻ വൈദ്യുതി ഇറക്കുമതി കൂടിയേതീരൂ എന്നതാണ് അവസ്ഥ.
വൈദ്യുതി ആസൂത്രണം
രാജ്യമാകെ പവർക്കട്ടും ലോഡ്ഷെഡ്ഡിംഗുമടക്കമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ഇത്തരം സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി ഉപയോഗിക്കുന്ന കേരളം നിയന്ത്രണങ്ങൾ കൂടാതെ വൈദ്യുതി വിതരണം നടത്തുന്നുണ്ട് എന്നത് കെ.എസ്.ഇ.ബി.യുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഉദാഹരണമാണ്. ഈ ആസൂത്രണത്തിന്റെ തുടർച്ചയായാണ് ജൂലായ് പകുതിയായിട്ടും കാലവർഷം എത്താതെ കടുത്ത വരൾച്ച നേരിടുമ്പോഴും വൈദ്യുതി ഉപഭോഗം ഭീമമായി വർദ്ധിച്ചിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ മുന്നോട്ടുപോകാൻ കഴിയുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺമാസത്തിൽ ലഭിക്കേണ്ട മഴയിൽ 45 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി നിലയങ്ങളുടെ ജലസംഭരണികളിൽ ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് ഇരുപതു ശതമാനത്തിൽ കുറവാണ്. ഇപ്പോൾ ലഭ്യമായ വെള്ളം ഉപയോഗിച്ച് ജൂലായ് 15 വരെ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടുപോകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ജല വൈദ്യുതി ഉത്പാദനം പ്രതിദിനം 10 മില്യൺ യൂണിറ്റെങ്കിലും സാദ്ധ്യമായാൽ വൈദ്യുതി ഇറക്കുമതി പരമാവധിയാക്കി വലിയ പ്രശ്നമില്ലാതെ മുന്നോട്ടുപോകാനാകും. എന്നാൽ ജൂലായ് മാസത്തിലും മഴ പെയ്യാതിരിക്കുകയും ഉപഭോഗം 75 മില്യൺ യൂണിറ്റെന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണങ്ങൾ അനിവാര്യമാകും.
ഇറക്കുമതിശേഷിയിലെ പ്രശ്നങ്ങൾ
മഴക്കുറവിനോടൊപ്പം സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയിലെ പരിമിതികളും ഇന്നത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. സംസ്ഥാനത്തേക്ക് നിലവിൽ ഇറക്കുമതി ചെയ്യാവുന്ന വൈദ്യുതിയുടെ പരമാവധി 67 മില്യൺയൂണിറ്റോളമാണ്. എന്നാൽ എല്ലായ്പോഴും ഈ അളവിൽ വൈദ്യുതി എത്തിക്കാൻ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിലെ ലൈൻ തകരാറുകളും ഉപഭോഗക്രമങ്ങളുമെല്ലാം ഇതിനെ ബാധിക്കും. കൂടങ്കുളം ആണവനിലയത്തിൽനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തിരുനെൽവേലിഈസ്റ്റ് കൊച്ചി മാടക്കത്തറ 400കെ.വി. ലൈൻ പദ്ധതിയിലെ തടസ്സങ്ങൾ പരിഹരിച്ച് പൂർത്തിയാക്കുന്നതിന് നല്ല ഇടപെടലാണ് സർക്കാർ നടത്തിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഒരു ടവറും 650 മിറ്റർ ലൈനും നിർമ്മിക്കുന്നതിന് തടസം നേരിട്ടതിനാൽ ഈ ലൈൻ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
നിരക്കുപരിഷ്കരണം
പ്രതിസന്ധികളെ നേരിടുന്നതിലും പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നതിലുമൊക്കെ നല്ല കാര്യക്ഷമത കൈവരിക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിന് കഴിയുന്നുണ്ട്. ഈ കാര്യക്ഷമതയാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോൾപ്പോലും പൊതുവേ മറ്റു സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം നടത്താൻ കെ.എസ്.ഇ.ബിക്ക് കഴിയുന്നത്. വൈദ്യുതി നിരക്കുകളിൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇപ്പോൾ ഏർപ്പെടുത്തിയ വർദ്ധനവ് കേവലം 6.6ശതമാനം മാത്രമാണ്. ഈ വർദ്ധനവിന് ശേഷവും അത് പല വിഭാഗങ്ങളിലും മറ്റു സംസ്ഥാനങ്ങളിലെ നിരക്കുകളേക്കാൾ കുറവാണ്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാലത്ത് മൂന്നുതവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുകയുണ്ടായതും ഈ സന്ദർഭത്തിൽ കാണേണ്ടതുണ്ട്. 2012ൽ 24 ശതമാനത്തിന്റെയും 2013ൽ 9 ശതമാനത്തിന്റെയും 2014ൽ 7 ശതമാനത്തിന്റെയും വർദ്ധനവാണ് അക്കാലത്ത് ഉണ്ടായത്. ഇങ്ങിനെ വലിയ താരീഫ് വർദ്ധന നടപ്പാക്കിയിട്ടും 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 6700കോടി രൂപയുടെ റവന്യൂ വിടവാണ് ബോർഡിന് ഉണ്ടായത്. ഇത് വരുത്തിവച്ച വലിയ ബാദ്ധ്യതകൾ നിലനിൽക്കുമ്പോഴും നേരിയ തോതിലുള്ള വൈദ്യുതി നിരക്ക് വർദ്ധന മാത്രമാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഉണ്ടായത്. 2017ൽ നാലരശതമാനത്തിന്റെയും ഇപ്പോൾ നിലവിൽവന്ന 6.6ശതമാനത്തിന്റെയും മാത്രം വർദ്ധനയാണ് ഈ സർക്കാർ കാലയളവിൽ ഉണ്ടായത്. വൈദ്യുതി ബോർഡിന് കിട്ടാനുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്നതിനും മറ്റും നല്ല ഇടപെടലുകൾ നടത്തി ബോർഡിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്താനും ഈ കാലയളവിൽ കഴിഞ്ഞു. 2018 മാർച്ചിൽ 2800കോടി രൂപ കുടിശ്ശിക ഉണ്ടായിരുന്നിടത്ത് 2019 മാർച്ചിൽ അത് 1358കോടി രൂപയായി കുറഞ്ഞത് ശക്തമായ നടപടികളുടെ ഭാഗമായാണ്.
കടുത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും വൈദ്യുതി നിയന്ത്രണങ്ങൾ കൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിനും ജനങ്ങളിൽ അധികഭാരം ചുമത്താതെ കാര്യക്ഷമമായി വൈദ്യുതിമേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അനാവശ്യ വൈദ്യുതി ഉപഭോഗം ഒഴിവാക്കിയും ,നിരക്കുവർദ്ധനയുടെ സാഹചര്യം ഉൾക്കൊണ്ടും ജനങ്ങൾ ഈ ശ്രമങ്ങളോട് സഹകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |