കോട്ടയം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി ജെയ്‌ക് സി തോമസ്. ജനവിധിയെ സ്വാഗതം ചെയ്യുന്നു. വോട്ട് വിഹിതത്തിൽ വർദ്ധനവുണ്ടായെന്നും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്നും ജെയ്‌ക് സി തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'തിരഞ്ഞെടുപ്പിന്റെ അന്തസിനെ ഹനിക്കുന്ന ഒന്നും ഇടതുപക്ഷത്തിന്റെ പ്രചാരണത്തിൽ ഉണ്ടായിട്ടില്ല. ഒരു അധിക്ഷേപവും നടത്തിയിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്റെ അടുത്ത ദിവസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകാരികതയുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഉണ്ടായത്. വൈകാരികതയെ നിലനിർത്താനുള്ള ശ്രമങ്ങളും നടന്നു.'- ജെയ്‌ക് പറഞ്ഞു.
' മുന്നോട്ട് വയ്ക്കാൻ ശ്രമിച്ച രാഷ്ട്രീയത്തിൽ തന്നെ ഉറച്ച് നിൽക്കുന്നു. പുതിയ പുതുപ്പള്ളിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാം. സിപിഎം അടിത്തറ തകർന്നിട്ടില്ല എന്നത് മുൻ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്. വിജയത്തിലേയ്‌ക്ക് വളരാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നു. 2021ലേത് പോലെ രാഷ്ട്രീയം ഇത്തവണ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഉമ്മൻ ചാണ്ടി വികാരം മാത്രമാണ് അലയടിച്ചത്. എന്റെ രാഷ്ട്രീയ സമരങ്ങൾ ഇനിയും തുടരും. പുതുപ്പള്ളിയുടെ പുതിയ എംഎൽഎയ്‌ക്ക് ഭാവുകങ്ങൾ നേരുന്നു. '- ജെയ്‌ക് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |