പ്രശസ്ത തമിഴ് സിനിമ - സീരിയൽ നടൻ ജി. മാരിമുത്തുവിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് തെന്നിന്ത്യൻ ചലച്ചിത്രലോകം. എതിർനീച്ചൽ സീരിയലിന്റെ ഡബ്ബിംഗ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡബ്ബ് ചെയ്യുമ്പോൾ മാരിമുത്തു അവസാനമായി പറഞ്ഞ ഡയലോഗ് ജീവിതത്തിൽ അറം പറ്റിയെന്ന് ആരാധകർ.സീരിയലും യഥാർത്ഥ ജീവിതവും തമ്മിലുള്ള അസാധാരണമായ ബന്ധം ചൂണ്ടിക്കാട്ടുന്ന വീഡിയോ ആരാധകർ വ്യാപകമായി പങ്കുവച്ചു.
''എനിക്ക് എന്തോ മോശം സംഭവിക്കാൻ പോകുന്നു. നെഞ്ചിൽ ഒരു വേദന ഇടയ്ക്കിടെ വരുന്നു. ശരിക്കുള്ള വേദനയാണോ, അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അതു വരും. മോശമായ എന്തോ കാര്യത്തെക്കുറിച്ചു ഇത് മുന്നറിയിപ്പു നൽകുന്നതായി എനിക്കു തോന്നുന്നു."" ഇതായിരുന്നു മാരിമുത്തുവിന്റെ അവസാന ഡയലോഗ്.തേനിയിൽ ജനിച്ച മാരിമുത്തു സിനിമ സ്വപ്നവുമായി 1990 ൽ ചെന്നൈയിൽ എത്തി. ഹോട്ടൽ ജീവനക്കാരനായി വർഷങ്ങളോളം ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. എതിർനീച്ചൽ എന്ന തമിഴിലെ സൂപ്പർ സീരിയലിലെ ഗുണശേഖരൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷകരെ നേടി കൊടുത്തു.മലയാളത്തിന് ഏറെ പരിചിതയായ കനിഹ ഈ സീരിയലിൽ അഭിനയിക്കുന്നുണ്ട്. മണിരത്നം, വസന്ത്, സീമാൻ, എസ്.ജെ. സൂര്യ, രാജ് കിരൺ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച മാരിമുത്തു 2008 ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തി. 2014 ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. എസ്.ജെ. സൂര്യ യുടെ വാലി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത് . യുദ്ധം സെയ് എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രമാണ് വഴിത്തിരിവാകുന്നത്. കൊമ്പൻ,മായോൻ, പരിയേറു പെരുമാൾ, വിക്രം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. രജനികാന്തിന്റെ ജയിലർ ആണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.റിലീസിന് ഒരുങ്ങുന്ന കമൽഹാസന്റെ ഇന്ത്യൻ 2, സൂര്യയുടെ കങ്കുവ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |