തിരുവനന്തപുരം: കുഞ്ഞുങ്ങൾക്കെതിരായ അതിക്രമസംഭവങ്ങളിൽ ഭൂരിഭാഗവും ഗൗരവമായ അന്വേഷണമില്ലാതെ ഇഴയുന്നു. കേസുകളിൽ നല്ലൊരുപങ്കും തെളിവില്ലാതെ അവസാനിക്കും. വധശിക്ഷ വരെ കിട്ടാവുന്ന നിയമമുണ്ടെങ്കിലും ഭൂരിഭാഗം കേസുകളിലും തെളിവുശേഖരണം ഉൾപ്പെടെ നടത്താതെ ഉഴപ്പുന്ന രീതിയാണ് പൊലീസിന്റേത്.
പ്രതികളുമായി ഒത്തുതീർപ്പിലാവുന്നതും പൊലീസ് ഇടപെട്ട് അട്ടിമറിക്കുന്നതുമായ കേസുകളുമുണ്ട്.
കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ഏഴരവർഷത്തിനിടെ 31,714 ക്രിമിനൽ കേസുകളും 24,951പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിൽ 18.32 ശതമാനം പോക്സോ കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെടുന്നത്.
തെളിവുകളും ശാസ്ത്രീയ റിപ്പോർട്ടുകളുമുള്ള കേസുകളിൽ ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് രക്ഷിച്ച സംഭവങ്ങളുമുണ്ട്. 2013മുതൽ 2018വരെ വിചാരണ പൂർത്തിയായ 1255 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 230 കേസുകളിൽ മാത്രം. 2020ലെ 3042 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് 47 കേസുകളിൽ. 2022ലെ 4518 കേസുകളിൽ വിധിയായത് 68ൽ മാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ.
കിഴക്കമ്പലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ മൊഴിമാറ്റാൻ പൊലീസ് ഭീഷണിപ്പെടുത്തി. വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനും മൊഴി ചോർത്താനും നീക്കമുണ്ടായി. പത്തനംതിട്ടയിൽ ഭിന്നശേഷിക്കാരിയെ അഞ്ചുപേർ ചേർന്ന് പീഡിപ്പിച്ച കേസിൽ അട്ടിമറിക്ക് ശ്രമിച്ചത് സി.ഐയാണ്. പെൺകുട്ടിയെയും അമ്മൂമ്മയെയും സ്റ്റേഷനിൽ വരുത്തി മൊഴിയെടുക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. കൊച്ചിയിൽ സാത്താൻ സേവയുടെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചകേസിലും അട്ടിമറിയുണ്ടായി.
മജിസ്ട്രേട്ടിനു മുന്നിൽ പ്രതികൾക്ക് അനുകൂലമായ മൊഴിനൽകാൻ പൊലീസ് നിർബന്ധിച്ചതായും കുട്ടി മാനസികരോഗിയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ടായി. മലപ്പുറം മങ്കടയിൽ രണ്ട് സഹോദരിമാരെയും അരീക്കോട്ടെ പന്ത്രണ്ടുകാരിയെയും പീഡിപ്പിച്ച കേസുകൾ എഴുതിത്തള്ളാൻ പൊലീസ് ശ്രമിച്ചിരുന്നു.
കേസൊതുക്കുന്നത് ഇങ്ങനെ
1) കേസ് രജിസ്റ്റർ ചെയ്യാതെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിക്കും
2) സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത് മാനസികമായി പീഡിപ്പിക്കും.
3) വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചെന്ന് രേഖയുണ്ടാക്കി കേസ് ദുർബലമാക്കും.
കൊലക്കയർ
വരെ ശിക്ഷ
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനുള്ള പോക്സോ നിയമത്തിൽ കുറഞ്ഞത് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷയും ഇരയ്ക്കു മരണം സംഭവിച്ചാൽ വധശിക്ഷയും കിട്ടും. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമം.
ബോധവത്കരണം
പാഠ്യപദ്ധതിയിൽ
കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അടുത്ത അദ്ധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിലുണ്ടാവും. 1,3,5,6,8,9 ക്ലാസുകളിൽ അടുത്തവർഷവും 2,4,7,10 ക്ലാസുകളിൽ 2025–26 ലും ഇത് പാഠ്യപദ്ധതിയുടെ ഭാഗമാകും. ഹൈക്കോടതി ഉത്തരവുപ്രകാരമാണിത്.
കുട്ടികൾക്കെതിരായ
അതിക്രമങ്ങൾ
2016--------2879
2017--------3562
2018--------4253
2019--------4754
2020--------3941
2021--------4536
2022--------5315
2023--------2474
(ജൂൺവരെ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |