ഏകാകിയായി നടന്നു നീങ്ങുന്ന ഒരദ്ധ്യാപകന്റെ ആത്മഗതങ്ങൾ ഉറക്കെ ആരോ ഉരുവിടുന്നതു പോലെ പതിമൂന്ന് ഇതളുകളായി കൊഴിഞ്ഞുവീഴുന്ന കഥകളുടെ പൂച്ചെണ്ടാണ് ജോജി കൂട്ടുമ്മേൽ എഴുതിയ 'മരുഭൂമിയിൽ വരണ്ടും ഗോതമ്പു പാടത്ത് വിളഞ്ഞും" എന്ന കഥാ സമാഹാരം. മരുഭൂമിയിൽ വരൾച്ചയാണെന്നതും ഗോതമ്പുപാടത്ത് വിളവാണെന്നതും എത്രത്തോളം പച്ചയായ സത്യമാണോ അത്ര തന്നെ കൃത്യമാണ് ഓരോ കഥയിലെയും ആത്മാംശവും സങ്കൽപ്പവും. പ്രണയവും പ്രാർത്ഥനയും തനിക്ക് പൊരുതി തോൽക്കാനുള്ള പടനിലങ്ങൾമാത്രമാണ് എന്ന ഉറപ്പിന്മേൽ കെട്ടി ഉയർത്തിയ ചെങ്കോട്ടയാണ് ജീവിതം എന്നാണ് ചി ല ഉദ്ധരണികളിലൂടെ കഥാകാരൻ നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. കാവ്യാത്മകമായ എഴുത്ത്ശൈലിയുടെയും കഥകൾ വിങ്ങിപ്പൊട്ടുന്ന നെഞ്ചിടിപ്പിന്റെയും ഉടമയാണ് കഥാകാരൻ. കോട്ടകൊത്തളങ്ങളെ അക്ഷരങ്ങളിലൂടെ വരച്ചിടുന്ന ചിത്രകഥ പോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്. കെട്ടിടങ്ങളുടെയും പ്രകൃതിയുടെയും ഇഴയടുപ്പവും കാലപ്പഴക്കവും ഓരോ കഥയ്ക്കും പശ്ചാത്തലമാകുന്നുണ്ട്. സ്വപ്നങ്ങളിൽ വന്നുപോകുന്ന കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തും, നടക്കാത്ത സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയും ആവിഷ്കാരസ്വാതന്ത്ര്യം അനുഭവിക്കുന്ന കഥയാണ് അശ്വാരൂഢം. കഥയിലെ ലില്ലി ടീച്ചറും പൊന്നരഞ്ഞാണവും നമ്മെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്. കയ്യിലെടുത്താൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർക്കാനുള്ള വായനാ സുഖം നൽകുന്നതാണ് ജോജി കൂട്ടുമ്മേലിന്റെ മരുഭൂമിയിൽ വരണ്ടും ഗോതമ്പു പാടത്ത് വിളഞ്ഞും എന്ന കഥാസമാഹാരമെന്ന് ഒറ്റവാക്യത്തിൽ പറയാം.
പ്രസാധനം : ചിന്താസരണി ബുക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |