കൊച്ചി: മുസ്ളിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സി.പി.എം നേതാക്കൾ പി. ജയരാജനും ടി.വി. രാജേഷും നല്കിയ വിടുതൽ ഹർജി എറണാകുളം സി.ബി.ഐ കോടതി പ്രാഥമിക വാദത്തിനു ശേഷം 20 ലേക്ക് മാറ്റി. ഇരുവർക്കുമെതിരെ തെളിവുകളുണ്ടെന്നും വിടുതൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും വ്യക്തമാക്കി ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹർജിയിൽ കക്ഷി ചേർന്നിരുന്നു.
ഷുക്കൂറിനെ കൊല്ലാനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പി. ജയരാജന്റെയും ടി. വി. രാജേഷിന്റെയും നേതൃത്വത്തിലാണ് നടന്നതെന്നും സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളായ നാലു പ്രതികൾ ഇതിൽ പങ്കെടുത്തിട്ടുണ്ടെന്നും ആത്തിക്കയ്ക്കു വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഫോൺ റെക്കാഡുകളും ദൃക്‌സാക്ഷി മൊഴികളുമുണ്ടെന്ന് ആത്തിക്ക ചൂണ്ടിക്കാട്ടി.
യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ ഷുക്കൂർ 2020 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. പി.ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച കാറിനു നേരെ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെത്തുടർന്ന് ഷുക്കൂറിനെ സി.പി.എം പ്രവർത്തകർ വകവരുത്തിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |