അറസ്റ്റിലായത് കളിയിക്കാവിള നിന്ന്
കാട്ടാക്കട: പൂവച്ചലിൽ പത്താംക്ളാസ് വിദ്യാർത്ഥി ആദിശേഖറിനെ (14) ഇലക്ട്രിക് കാറിടിച്ച് കൊലപ്പെടുത്തിയ അകന്ന ബന്ധുവായ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ നിന്ന് ഇന്നലെ വൈകിട്ട് അഞ്ചിനാണ് പൂവച്ചൽ പുളിങ്കോട് ഭൂമികയിൽ (ഇപ്പോൾ നാലാഞ്ചിറയിൽ താമസം) പ്രിയരഞ്ജനെ (42) അറസ്റ്റു ചെയ്തത്.
ഇന്നലെ ഒരു ബന്ധുവുമായി പ്രതി ഫോണിൽ ബന്ധപ്പെട്ടത് മനസിലാക്കി മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഒളിവിലായതുമുതൽ തമിഴ്നാട്ടിലുള്ള ബന്ധുവീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു. ഇന്നലെ മറ്റൊരിടത്തേക്ക് മാറാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്ര്.
പ്രതിയെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചു. കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണമെന്തെന്ന് അറിയാൻ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് റൂറൽ എസ്.പി ഡി.ശില്പ പറഞ്ഞു. ഒളിവിൽപോകാൻ സഹായിച്ചവരെക്കുറിച്ചും അന്വേഷിക്കും.
ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) ജില്ലാ സെക്രട്ടറി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഐ.ബി.ഷീബയുടെയും ഇളയ മകൻ ആദിശേഖറിനെ കഴിഞ്ഞ 30ന് വൈകിട്ട് 6.30യോടെയാണ് പൂവച്ചൽ പുളിങ്കോട് ശ്രീഭദ്രകാളി ക്ഷേത്രത്തിനടുത്തുവച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന സി.സി ടിവി ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
കൂട്ടുകാരുമൊത്ത് ക്ഷേത്ര പരിസരത്ത് കളിച്ചശേഷം വീട്ടിലേക്ക് മടങ്ങാൻ സൈക്കിളിൽ കയറുമ്പോഴായിരുന്നു റോഡ് സൈസിൽ നിറുത്തിയിട്ടിരുന്ന കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് ഇടിച്ചു തെറിപ്പിച്ചത്. പ്രതി ക്ഷേത്രത്തിന് മുന്നിൽ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി.
സംഭവം നടന്ന അന്നു തന്നെ പ്രതി കാർ ഉപേക്ഷിച്ച് മുങ്ങിയിരുന്നു. തുടർന്ന് വിദേശത്തുള്ള ഭാര്യയോട് വിവരം അറിയിച്ചശേഷം നാട്ടിലെത്താൻ ആവശ്യപ്പെടുകയും അടുത്തദിവസം അവരെത്തുകയും ചെയ്തിരുന്നു.
തിങ്ങികൂടി നാട്ടുകാർ
കാട്ടാക്കട സ്റ്റേഷനിൽ പ്രതിയെ എത്തിക്കുന്നതറിഞ്ഞ് പരിസരത്തും റോഡിലും ജനം തിങ്ങിക്കൂടിയിരുന്നു. പ്രകോപിതരായി ജനം തള്ളിക്കയറിയതോടെ സ്റ്റേഷൻ ഗേറ്ര് പൂട്ടി. കനത്ത പൊലീസ് വലയത്തിലാണ് സ്റ്റേഷനിലേക്ക് പ്രതിയെ കയറ്റിയത്.
കൊന്നത് ഗുരുനാഥന്റെ മകനെ
മുമ്പ് പാരലൽ കോളേജിൽ പ്രതിയെ ആദിശേഖറിന്റെ പിതാവ് അരുൺകുമാർ പഠിപ്പിച്ചിരുന്നു. ഗുരുനാഥന്റെ മകനെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിയുടെ രണ്ടുമക്കൾ അരുൺകുമാർ അദ്ധ്യാപകനായ സർക്കാർ സ്‌കൂളിലും പഠിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |