യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനെ സ്വന്തം പാർട്ടിക്കാർ തന്നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരിച്ച നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് മറുപടി നൽകി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. അക്രമവുമായി ബന്ധപ്പെട്ട് ശ്രീരാമകൃഷ്ണൻ എഴുതിയ ഫേസ്‍ബുക്ക് പോസ്റ്റ് തന്റെ കണ്ണ് നനയിച്ചുവെന്ന് ജ്യോതികുമാർ പരിഹാസ രൂപേണ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. സ്പീക്കർ മുതലകണ്ണീർ ഒഴുക്കേണ്ടെന്നും ചോര കണ്ട് അറപ്പ് മാറിയ ക്രിമിനലുകളെ വാർത്തെടുക്കുന്നത് ശ്രീരാമകൃഷ്ണൻ തന്നെയാണെന്നും ചാമക്കാല പറയുന്നു. ഈ കാപട്യമോർത്താണ് സ്പീക്കർ ശിരസ് കുനിക്കേണ്ടതെന്നും ചാമക്കാല പോസ്റ്റിൽ പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജിൽ വച്ച് കുത്തേറ്റ അഖിലിനെയോർത്ത് തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും കരൾ പിടയുന്ന വേദന കൊണ്ട് താൻ തേങ്ങുന്നുവെന്നും ലജ്ജ കൊണ്ട് ശിരസ് പാതാളത്തോളം താഴുന്നുവെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രതികരിച്ചിരുന്നു.
ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ
'അരുത് സ്പീക്കർ .... കരയിക്കരുത് ............................. യൂണിവേഴ്സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.
ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ എന്ന് കുട്ടിസഖാക്കളോട് സ്പീക്കർ ചോദിക്കുന്നു. ഇതിന്റെയുത്തരം താങ്കൾക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണൻ. ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാർച്ച് 13 എന്ന ദിനം ഓർത്തെടുത്താൽ മതി....
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളിൽ താങ്കളും സഹസഖാക്കളും ചേർന്ന് നടത്തിയ അക്രമങ്ങൾ മറന്നോ ? കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങൾ അഴിച്ചുവിട്ട അക്രമത്തിൽ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കർക്ക് അറിയാമല്ലോ ?
അന്നും പിറ്റേന്നുമായി താങ്കളുടെ പാർട്ടിക്കാർ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങൾ മറന്നാലും കേരളം മറക്കില്ല. അതേ, നിങ്ങളുടെ അതേ "ചിന്തയും വിയർപ്പും" ആണ് യൂണിവേഴ്സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്. ആ ചിന്തയാണ് സ്വന്തം പാർട്ടിക്കാരന്റെ നെഞ്ചിൽപ്പോലും കഠാര കയറ്റാൻ അവരെ പ്രേരിപ്പിക്കുന്നത്. ചോര കണ്ട് അറപ്പു തീർന്ന ക്രിമിനലുകളെ വാർത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണൻ.
അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്. ഈ കാപട്യമോർത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കർ... ഈ മുതലക്കണ്ണീർ കേരളത്തിന് വേണ്ട....'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |