തിരുവനന്തപുരം: കെ ബി ഗണേശ് കുമാർ എം എൽ എയ്ക്ക് മന്ത്രിയാകാൻ അയോഗ്യതയില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. രണ്ടര വർഷത്തിന് ശേഷം നാല് പാർട്ടികൾ മന്ത്രിസ്ഥാനം വച്ചുമാറുമെന്ന് നേരത്തേ തീരുമാനിച്ചതാണെന്നും, അത് അതുപോലെത്തന്നെ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി പി എം അടക്കമുള്ള പാർട്ടികൾ ആലോചിക്കുകയോ, ചർച്ച ചെയ്യുകയോ ചെയ്യാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങളിൽ വരുന്നതെന്നും, ഈ മാസം ഇരുപതിന് എൽ ഡി എഫ് യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ യോഗത്തിലായിരിക്കും മുന്നണിയുടെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
എല്ലാ പാർട്ടികൾക്കും പരിഗണന കൊടുക്കുന്ന മുന്നണിയാണ് എൽ ഡി എഫെന്നും നിയമസഭയിൽ ഒരംഗം മാത്രമേയുള്ളൂവെങ്കിലും അവരെക്കൂടി പരിഗണിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ചില ഘടകകക്ഷികൾക്ക് ഭരണത്തിന്റെ പകുതി സമയം നൽകാമെന്ന് തീരുമാനിച്ചിരുന്നുവെന്നും ധാരണയിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും താനും ഇത് ടിവിയിലാണ് കണ്ടതെന്നും സ്പീക്കർ എ എൻ ഷംസീർ പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും അദ്ദേഹം പ്രതികരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |