തിരുവനന്തപുരം: മലയാള സിനിമയ്ക്ക് അഭിമാനമേകിയ മനോഹര ദൃശ്യങ്ങൾ ബാക്കിയാക്കി എം.ജെ.രാധാകൃഷ്ണൻ നിശബ്ദം നിത്യതയിൽ അലിഞ്ഞു ചേർന്നു.
ഉറ്റവരെയെല്ലാം തീരാവേദനയിലാക്കി വെള്ളിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലാണ് രാധാകൃഷ്ണന്റെ ജീവിതത്തിന് തിരശീല വീണത്. ഹൃദയാഘാതമായിരുന്നു കാരണം.ഇന്നലെ ശാന്തികവാടത്തിൽ ഔദ്യോഗിത ബഹുമതികളോടെയായിരുന്നു സംസ്കാരം.
ഇന്നലെ രാവിലെ പട്ടത്തെ വീട്ടിലും പിന്നീട് കലാഭവൻ തിയേറ്ററിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര മേഖലകളിലെ നിരവധി പ്രമുഖർ ആദരാഞ്ജലികളർപ്പിക്കാനെത്തി. കലാഭവൻ തിയേറ്ററിൽ മന്ത്രി എ.കെ.ബാലൻ ആദരാഞ്ജലിയർപ്പിച്ചു.. മുൻ മന്ത്രി എം.എ. ബേബി, സുരേഷ് ഗോപി എം.പി., എം.എൽ.എ.മാരായ മുകേഷ്, ശബരീനാഥൻ,ചലച്ചിത്ര രംഗത്തെ പ്രമുഖരായ അടൂർ ഗോപാലകൃഷ്ണൻ, ശ്രീകുമാരൻ തമ്പി, ഷാജി.എൻ.കരുൺ, ഹരികുമാർ, ഡോ.ബിജു, നെടുമുടി വേണു, ഇന്ദ്രൻസ്, നേമം പുഷ്പരാജ്, ജലജ, സീമാ ജി.നായർ, ബോബൻ, സനൽകുമാർ ശശിധരൻ, ഗായകൻ ശ്രീറാം, രാമചന്ദ്രബാബു, സണ്ണി ജോസഫ്, ഇസ്മയിൽ ഹസൻ, നിർമ്മാതാക്കളായ അരോമാ മോഹൻ, ശാന്തിവിള ദിനേശ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സി.പി.എം.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ആദരാഞ്ജലിയർപ്പിച്ചു.ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംസ്കാരം. മകൻ യദുകൃഷ്ണൻ ചിതയ്ക്ക് തീകൊളുത്തി.
എഴുപത്തഞ്ചോളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള എം.ജെ.രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ഏഴ് തവണ ലഭിച്ചിട്ടുണ്ട്.പുനലൂർ സ്വദേശിയായ രാധാകൃഷ്ണൻ സിനിമയിൽ സജീവമായ ശേഷം തിരുവനന്തപുരത്തായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |