അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലുള്ള ഒരു ചെറു പട്ടണമാണ് പോയിന്റ് പ്ലെസന്റ്. ഏകദേശം അര നൂറ്റാണ്ടായി ഒരു വിചിത്ര ജീവിയുടെ പേരിലാണ് ഈ പട്ടണം ശ്രദ്ധനേടുന്നത്. പാതി പക്ഷിയും പാതി മനുഷ്യനുമായ 'മോത്ത് മാൻ' കഥകൾ ആണ് പോയിന്റ് പ്ലെസന്റ് പട്ടണത്തിൽ ഇന്നും വേറിട്ടുകാണുന്നത്. ചുവന്ന കണ്ണുകളോട് കൂടിയ 7 അടിയിലേറെ ഉയരമുണ്ടെന്ന് പറയപ്പെടുന്ന ഈ വിചിത്രജീവിയെ ഈ പട്ടണത്തിൽ കണ്ടതായി അവകാശപ്പെട്ട് നൂറിലേറെ പേരാണ് രംഗത്തെത്തിയത്.
1966ലാണ് സംഭവങ്ങളുടെ തുടക്കം. മോത്ത് മാൻ എന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച വിചിത്ര ജീവിയെ ആദ്യമായി കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് പ്രദേശവാസിയായ ഒരു മദ്ധ്യവയസ്കനാണ്. വീട്ടിൽ ഭാര്യയ്‌ക്കൊപ്പം ടി.വി കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് ചാനലിന് തടസം നേരിട്ടു. തുടർന്ന്, പുറത്തേക്കിറങ്ങവെ എന്തോ ഉച്ചത്തിലുള്ള കരച്ചിൽ ഇയാൾ കേട്ടു.
ജനറേറ്റർ സ്റ്റാർട്ട് ചെയ്യുന്നതോ അല്ലെങ്കിൽ ലോഹങ്ങൾ തമ്മിൽ കൂട്ടി ഉരസുന്നതോ ആയ ശബ്ദത്തോടാണ് അയാൾ ആ കരച്ചിലിനെ താരതമ്യം ചെയ്തത്. ഇന്നേരം വീടിന് പുറത്ത് കെട്ടിയിരുന്നു നായ നിർത്താതെ ഓരിയിടുന്നുണ്ടായിരുന്നു. നായ നോക്കി നിന്ന ഇടത്തേക്ക് നോക്കിയ അയാൾ സ്തംഭിച്ചു പോയി. ഇരുട്ടത്ത് രണ്ട് ചുവന്ന കണ്ണുകൾ തന്നെ തുറിച്ചു നോക്കുന്നു. പേടിച്ച് നിലവിളിച്ച് അയാൾ വീടിനുള്ളിലേക്ക് ഓടി.
തൊട്ടടുത്ത ദിവസം, പോയിന്റെ പ്ലെസന്റിലെ തന്നെ ടി.എൻ.ടി ഏരിയ എന്ന പ്രദേശത്ത് കൂടി കടന്നുപോയ ഒരു കാറിന് മുന്നിലും മോത്ത് മാൻ പ്രത്യക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധ സാമഗ്രികൾ സൂക്ഷിച്ചിരുന്ന കെട്ടിടങ്ങൾ ടി.എൻ.ടി ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ട്. എന്തോ കരച്ചിൽ ശബ്ദം കേട്ട കാറിലുണ്ടായിരുന്ന ഒരു സ്ത്രീ കാറിന് മുന്നിൽ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ചുവന്ന രണ്ട് തിളങ്ങുന്ന കണ്ണുകൾ കാണാനിടയായി.
കാറിന്റെ വെളിച്ചത്തിൽ അവർ ആ ജീവിയെ കൂടുതൽ വ്യക്തമായി കണ്ടു. ചാര നിറത്തിലെ രോമാവൃതമായ മനുഷ്യന്റേത് പോലുള്ള ശരീരമായിരുന്നത്രേ ആ ജീവിയ്ക്ക്.
ഭയന്ന് പോയ കാർ യാത്രികർ വിജനമായ ആ പ്രദേശത്ത് നിന്ന് വേഗത്തിൽ കാർ ഓടിച്ചെങ്കിലും പിന്നാലെ കുറച്ച് നേരം മോത്ത് മാനും പിന്തുടർന്നിരുന്നു. ഇതിനിടെ അവരുടെ കാറിൽ മോത്ത് മാന്റെ നഖങ്ങൾ കൊണ്ട് പോറൽ വീഴുകയും ചെയ്തിരുന്നു.
കാർ യാത്രികർ നേരെ പൊലീസ് സ്റ്റേഷനിലെത്തി നടന്നത് വിവരിച്ചു. കാറിലെ പാടുകൾ തെളിവായി കാണിക്കുകയും ചെയ്തെന്നാണ് കഥ. തുടർന്ന് പലരും ഇത്തരത്തിൽ മോത്ത് മാനെ കണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തി.
ബ്രൗൺ, ഗ്രേ, കറുപ്പ് എന്നിവ ഇടകലർന്ന നിറമുള്ള മോത്ത് മാന് 10 മുതൽ 15 അടി വരെ നീളമുള്ള ചിറകുകൾ ഉണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മോത്ത് മാന്റെ ചുവന്ന തിളങ്ങുന്ന വലിയ കണ്ണുകൾ ദൂരെ നിന്ന് പോലും കാണാൻ കഴിയുമായിരുന്നത്രെ. മോത്ത് മാന്റെ കരച്ചിലും ചിലർ കേട്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, മോത്ത് മാനെ ചുറ്റിപ്പറ്റി നിരവധി കഥകളും പ്രചരിക്കാൻ തുടങ്ങി. മോത്ത് മാൻ ഭീകരജീവിയാണെന്നും വരാൻ പോകുന്ന ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും ചിലർ പറഞ്ഞു. മോത്ത് മാൻ ദുരന്തങ്ങൾ കൊണ്ടുവരുമെന്ന് മറ്റു ചിലരും വാദിച്ചു.
മോത്ത് മാനെ ആദ്യമായി കണ്ടതിന് ഒരു വർഷത്തിന് ശേഷം പോയിന്റ് പ്ലെസന്റിലുണ്ടായ ഒരു ദുരന്തമാണ് ഇതിന് കാരണം. ഒഹായോ നദിയ്ക്ക് കുറുകെ സ്ഥിതി ചെയ്തിരുന്ന സിൽവർ ബ്രിഡ്ജ് എന്ന പാലം തകർന്ന് 46 പേർ മുങ്ങിമരിച്ചു. ദുരന്തത്തെ മോത്ത് മാനുമായി ബന്ധപ്പെടുത്തിയുള്ള കഥകൾ വ്യാപകമായി പ്രചരിച്ചു. എന്നാൽ, ദുരന്തത്തിന് ശേഷം മോത്ത് മാനെ കണ്ടതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിട്ടില്ല.
അതേ സമയം, മോത്ത് മാനെ കെട്ടുകഥയായിട്ടാണ് പൊതുവെ കരുതുന്നത്. ഒരു തരം വലിയ മൂങ്ങകളെ മോത്ത് മാൻ എന്ന പേരിൽ ഭീതി പടർത്താൻ ഉപയോഗിച്ചതാകാമെന്ന് ചൂണ്ടിക്കാട്ടുന്നു. മോത്ത് മാന്റേതെന്ന് പറയുന്ന ഫോട്ടോകളൊന്നും യഥാർത്ഥമാണെന്ന് തെളിയിക്കാനുമായിട്ടില്ല.
ഏതായാലും, മോത്ത് മാൻ കഥകളുടെ പേരിൽ ടൂറിസ്റ്റുകളുടെയും സാഹസികരുടെയും ഇഷ്ട കേന്ദ്രങ്ങളിലൊന്നായി പോയിന്റ് പ്ലെസന്റ് മാറി. മോത്ത് മാന് വേണ്ടി മ്യൂസിയവും പ്രതിമയുമുള്ള പോയിന്റ് പ്ലെസന്റിൽ എല്ലാ സെപ്റ്റംബറിലും മോത്ത് മാൻ ഫെസ്റ്റിവലും നടത്തുന്നു. ശനിയാഴ്ചയും ഇന്നലെയുമായിരുന്നു ഇക്കൊല്ലത്തെ മോത്ത് മാൻ ഫെസ്റ്റിവൽ. ആയിരക്കണക്കിന് മോത്ത് മാൻ ആരാധകരാണ് ഇതിനായി പോയിന്റ് പ്ലെസന്റിൽ ഒത്തുകൂടിയത്. വിവിധ മത്സരങ്ങളും, വിപണന മേളകളും, മോത്ത് മാൻ വേഷധാരികളുടെ പ്രകടനങ്ങളുമൊക്കെ ഒത്തുചേരുന്നതാണ് മോത്ത് മാൻ ഫെസ്റ്റിവൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |