
മലപ്പുറം: ചിക്കൻ കഴിക്കാൻ കൈ പൊള്ളേണ്ട അവസ്ഥയാണിന്ന്. ഇന്നലെ ജില്ലയിൽ ഒരുകിലോ ചിക്കന്റെ വില 215 രൂപയായിരുന്നു. നാല് ദിവസം മുമ്പ് 185 രൂപയായിരുന്നു. പുതുവർഷം എത്തുമ്പോഴേക്ക് വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ക്രിസ്മസിനും പുതുവർഷത്തോടും അനുബന്ധിച്ച് ആവശ്യക്കാർ കൂടുതൽ എത്തുന്നതാണ് വില വർദ്ധിക്കാൻ പ്രധാന കാരണമായത്. മാത്രമല്ല, തമിഴ്നാട്ടിലെ പൗൾട്രി ഫാമുകൾക്ക് വേണ്ടി കോഴികളെ വളർത്തി നൽകുന്ന കർഷകർ പ്രതിഫലം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച സമരമാണ് വില വർദ്ധനവിനുള്ള മറ്റൊരു പ്രധാന കാരണം.
കോഴി തീറ്റയ്ക്കടക്കമുള്ള വില കണക്കാക്കിയാൽ വർദ്ധനവ് വരുത്താതെ പിടിച്ച് നിൽക്കാൻ സാധിക്കില്ലെന്നാണ് കോഴിക്കർഷകർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലെത്തിക്കുന്ന ഇറച്ചിക്കോഴികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് ചിക്കൻ വ്യാപാരികൾ പറയുന്നു. ശൈത്യകാലത്തെ തണുപ്പ് തരണം ചെയ്യാൻ വടക്കേ ഇന്ത്യയിൽ ആഘോഷങ്ങൾക്കും മറ്റ് പരിപാടികൾക്കും ഇറച്ചിയുടെ ആവശ്യക്കാർ കൂടുതലായതും വില വർദ്ധനവിനെ സ്വാധീനിച്ചിട്ടുണ്ട്.
കോഴികളെ വൻകിട ഫാമുകൾക്ക് നൽകുന്നതിന് വളർത്തുകൂലിയായി നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. അത് 20 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കർഷർ ജനുവരി മുതൽ സമരം നടത്തുന്നത്.
മുട്ട വിലയും ഉയരുന്നു
നവംബറിൽ ഒരുമുട്ടയുടെ വില 6.50 രൂപയായിരുന്നു. നിലവിൽ ഇത് 7.50 രൂപയാണ്. ക്രിസ്മസ്, പുതുവർഷം എന്നിവയോട് അനുബന്ധിച്ച് കേക്ക് വിപണി സജീവമായതും മുട്ട വിലയെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, തണുപ്പ് തരണം ചെയ്യാൻ വടക്കേ ഇന്ത്യയിൽ മുട്ട ഉപയോഗം കൂടിയതും വിലക്കയറ്റത്തിന്റെ മറ്റൊരു കാരണമാണ്.
ചിക്കൻ വില (ഒരു കിലോ) - 215
കോഴി മുട്ട (ഒരെണ്ണം)- 7.50 രൂപ
പുതുവർഷം വരെ ചിക്കൻ വിലയിൽ കുറവ് വരാൻ സാദ്ധ്യതയില്ല. വില ഉയർന്നെങ്കിലും ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പേരാണ് ചിക്കൻ വാങ്ങാനെത്തിയത്.
ചിക്കൻ വ്യാപാരി, മലപ്പുറം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |