SignIn
Kerala Kaumudi Online
Monday, 06 July 2020 2.52 AM IST

അയാൾ എങ്ങനെ ബി.ജെ.പിയിലെത്തി എന്നല്ല, എങ്ങനെ ഇടതുപക്ഷമായി എന്ന് അന്വേഷിക്കണം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തിൽ സുനിൽ പി. ഇളയിടം

sunil-p-ilayidom

പറവൂർ: യൂണിവേഴ്സിറ്റി കോളേജിൽ സ്വന്തം പ്രവർത്തകനെതിരെ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് അദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായ സുനിൽ പി.ഇളയിടം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തിൽ എസ്.എഫ്.ഐ നേതൃത്വം മാപ്പ് പറയാൻ തയാറായത് നന്നായെന്നും സംഘടന ആത്മവിമർശനം നടത്താൻ തുനിഞ്ഞത് ഒരു പഴയ എസ്.എഫ്.ഐ പ്രവർത്തകൻ എന്ന നിലയിൽ തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്നും ഇളയിടം പറഞ്ഞു. എന്നാൽ ഈ പ്രശ്നത്തിന്റെ വേരുകൾ ആഴത്തിലുള്ളതാണെന്നും അത് യൂണിവേഴ്സിറ്റി കോളേജിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോൾ കൈക്കൊണ്ട നടപടികൾ കൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കില്ലെന്നും ഇളയിടം കൂട്ടിച്ചേർത്തു. മുൻ കോൺഗ്രസ് എം.എൽ.എ ആയിരുന്ന എ.പി അബ്‌ദുള്ളക്കുട്ടിയുടെ ബി.ജെ.പി പ്രവേശനത്തെയും ഈ വിഷയവുമായി ബന്ധപ്പെടുത്തി സുനിൽ പി. ഇളയിടം പരാമർശിച്ചു.

സുനിൽ പി.ഇലയിടത്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ

'യൂണിവേഴ്സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായി. വഷളായ ന്യായീകരണങ്ങൾക്ക് മുതിരാതെ ആത്മവിമർശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്. എഫ്. ഐ. പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരമായി തോന്നിയ കാര്യമാണ്.
എസ്. എഫ്. ഐ. നേതൃത്വം അതിൽ അഭിനന്ദനമർഹിക്കുന്നു.

എന്നാൽ, ഈ പ്രശ്നത്തിന്റെ വേരുകൾ കുറെക്കൂടി ആഴമുള്ളതാണ്. അത് യൂണിവേഴ്സിറ്റി കോളേജിൽ പൊടുന്നനെ തുടങ്ങിയതല്ല; അവിടെ മാത്രമായി ഉള്ളതല്ല; അവിടത്തെ നടപടികൾ കൊണ്ടു മാത്രം പരിഹരിക്കാവുന്നതുമല്ല.


ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്സിറ്റി കോളേജിൽ കണ്ടത്. ഇടതുപക്ഷമോവിദ്യാർത്ഥി പ്രസ്ഥാനമോ അപ്പാടെ അങ്ങനെയായി എന്നല്ല.
പക്ഷേ, രാഷ്ട്രീയ ബോധ്യങ്ങൾക്കു പകരം സംഘടനാമുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തിൽ പലയിടത്തും പ്രബലമാണ്.ഇതിന്റെയും വേരുകൾ അവിടെയാണ് ; യൂണിവേഴ്സിറ്റി കോളേജിൽ മാത്രമല്ല.

എസ്. എഫ്. ഐ. യുടെ സംസ്ഥാന അധ്യക്ഷ പദവും എം.പി.സ്ഥാനവും ഒക്കെ കയ്യാളിയ ഒരാൾ ആദ്യം കോൺഗ്രസ്സ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്.നിശ്ചയമായും അയാൾ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ "നേതാക്കൾ " ഉൾപ്പെടെ .

അയാൾ എങ്ങനെ ബി.ജെ.പി.യിലെത്തി എന്നല്ല , അങ്ങിനെയൊരാൾ എങ്ങനെ ഇടതുപക്ഷ നേതാവായി എന്നാണ് ഇടതുപക്ഷം അന്വേഷിക്കേണ്ടത്.


അപ്പോഴേ ഇടതുപക്ഷ സംഘടനാരാഷ്ടീയം പലയിടത്തും നേരിടുന്ന പ്രതിസന്ധി തിരിച്ചറിയാൻ കഴിയൂ.
മറികടക്കാനും, സംവാദസന്നദ്ധത, പുതിയ ആശയ - വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലർന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം... എന്നിവയ്ക്കായി ബോധപൂർവം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്നം പരിഹരിക്കാനാവൂ. അല്ലെങ്കിൽ ഇടതുപക്ഷത്തെ ദുർബലപ്പെട്ടുത്തുന്ന വിധത്തിൽ, മുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും അരങ്ങുവാഴുന്ന രാഷ്ട്രീയ അവിവേകത്തിന്റെ പരമ്പരയിലെ പുതിയൊരു സന്ദർഭം മാത്രമായി ഇതും അവസാനിക്കും.

ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാൻ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ട് !!'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUNIL P ILAYIDAM, FACEBOOK POST, AP ABDULLAKUTTY, SFI, STUDENT STABBED, CAMPUS POLITICS, UNIVERSITY COLLEGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.