
കൊല്ലം: കൊല്ലം സായി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത രണ്ട് വിദ്യാർത്ഥിനികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ശക്തമാക്കുമെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് രവിയുടെയും സിന്ധുവിന്റെയും മകൾ സാന്ദ്ര (18), തിരുവനന്തപുരം ചെമ്പൂർ മൂത്താക്കൽ ഇളമ്പതടം വിഷ്ണുഭവനിൽ വേണുവിന്റെയും അനീഷയുടെയും മകൾ വൈഷ്ണവി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കബഡി ടൂർണമെന്റിൽ വിജയിച്ചതിന്റെ സന്തോഷത്തോടെ വൈഷ്ണവി ബുധനാഴ്ച രാത്രി തന്നെ ഫോണിൽ വിളിച്ചിരുന്നതായി അച്ഛൻ വേണു മൊഴി നൽകി. സാന്ദ്ര രാത്രി എട്ട് മണിയോടെ അമ്മയെ വിളിച്ചപ്പോഴും സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നാണ് അച്ഛൻ രവിയുടെ മൊഴി. രണ്ട് വിദ്യാർത്ഥിനികളുടെയും പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് കൊല്ലം സായി സെന്റർ ഇൻ ചാർജ് രാജീവ് തോമസ് പറഞ്ഞു.
സാന്ദ്രയുടെ മൃതദേഹം ഇന്നലെ പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പഠിച്ചിരുന്ന കൊല്ലം നഗരത്തിലെ സ്കൂളിൽ പൊതുദർശനത്തിന് വച്ചു. രാത്രി എട്ടരയോടെ കോഴിക്കോട്ടെ വീട്ടിലെത്തിച്ചു. പത്തരയോടെ കടലുണ്ടി ശ്മശാനത്തിൽ സംസ്കരിച്ചു. വൈഷ്ണവിയുടെ സംസ്കാരം വ്യാഴാഴ്ച നടന്നു. സംഭവം അന്വേഷിക്കാൻ കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |