ചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി. സഖ്യത്തിൽ വിള്ളൽ. ബി.ജെ.പിയുമായി നിലവിൽ സഖ്യമില്ലെന്നും തിരഞ്ഞെടുപ്പ് സമയത്ത് അക്കാര്യം ആലോചിക്കുമെന്നും മുതിർന്ന എ.ഐ.എ.ഡി.എം.കെ നേതാവ് ഡി. ജയകുമാർ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ദ്രാവിഡ നേതാവുമായിരുന്ന സി.എൻ. അണ്ണാദുരെയെ കുറിച്ച് ബി.ജെ.പി തമിഴ്നാട് ഘടകം അദ്ധ്യക്ഷൻ കെ. അണ്ണാമലെ നടത്തിയ പരാമർശമാണ് ബന്ധം വഷളാക്കിയത്.
എ.ഐ.എ.ഡി.എം.കെയുമായി അണ്ണാമലെ സഖ്യം ആഗ്രഹിക്കുന്നില്ല. എന്നാൽ, ബി.ജെപി. പ്രവർത്തകർക്ക് അതാഗ്രഹമുണ്ട്. തങ്ങളുടെ നേതാക്കളെ കുറിച്ച് നിരന്തരം മോശം പരാമർശം നടത്തുന്ന അണ്ണാമലെയെ സഹിക്കേണ്ടതില്ല. ബി.ജെ.പിക്ക് സംസ്ഥാനത്ത് എന്ത് അടിത്തറയുണ്ടെന്ന് അറിയാം. തങ്ങൾ കാരണമാണ് അവർ അറിയപ്പെടുന്നത് തന്നെ, ജയകുമാർ പറഞ്ഞു. ദേശീയ തലത്തിൽ എൻ.ഡി.എ പരിപാടികളിൽ എ.ഐ.എ.ഡി.എം.കെ നേതാക്കൾ പങ്കെടുക്കുന്നതിനിടെയാണ് സംസ്ഥാനത്തെ മുതിർന്ന നേതാവിന്റെ പ്രസ്താവന.
സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് ഹിന്ദു മത സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അണ്ണാമലെയുടെ വിവാദ പരാമർശം. 1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അത് ശക്തമായി എതിർത്തുവെന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്. ഇതോടെ, മുൻ മന്ത്രിമാരടക്കം എ.ഐ.എ.ഡി.എം.കെ നേതാക്കൾ ശക്തമായി രംഗത്തെത്തി. അതിന് പിന്നാലെയാണ് സഖ്യം നിഷേധിച്ച് ജയകുമാറിന്റെ പ്രസ്താവന. നേതാക്കളുടെ പ്രസ്താവനയോട് അണ്ണാമലെയും ശക്തമായി പ്രതികരിച്ചിരുന്നു. സഖ്യമെന്നാൽ അടിമത്തമല്ലെന്നും ബി.ജെ.പി ആരുടെയും അടിമയല്ലെന്നുമാണ് അണ്ണാമലെ പറഞ്ഞത്. പാർട്ടിക്ക് നയവും നിലപാടുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി തയ്യാറായിട്ടില്ല. മുതിർന്ന നേതാവ് ഒ.പനീർശെൽവവും മൗനം പാലിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |