തിരുവനന്തപുരം: സൂര്യന്റെ ഉള്ളറ തേടിയുള്ള ആദിത്യ എൽ 1 പേടകത്തിന് ഇന്ന് നിർണ്ണായകം. ഇതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന ആദിത്യ ഇന്ന് ഭൂമിയുടെ ആകർഷണവലയത്തിന് പുറത്തെത്തും. 15 ലക്ഷം കിലോമീറ്റർ അകലെ ലെഗ്രാഞ്ച് പോയന്റിലേക്കാണ് യാത്ര.
ഇതുവരെ ഭൂമിയുടെ ആകർഷണവലയത്തിൽ നിന്നുകൊണ്ട് വേഗം കൂട്ടിയും അകലം വർദ്ധിപ്പിച്ചുമുള്ള യാത്രരീതിയായിരുന്നു. ഇനി ബഹിരാകാശത്തു കൂടി ദീർഘമായ യാത്രയാണ്. ഭൂമിയിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിൽ നിന്നുള്ള നിയന്ത്രണം മാത്രമാണ് തുണ. നിയന്ത്രണം വിട്ടാൽ പേടകം നഷ്ടമാകും.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റി ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങും. ട്രാൻസ് ലാഗ്രേറിയൻ പോയിന്റ് ഇൻസെർഷൻ എന്ന സുപ്രധാന ഘട്ടമാണിത്. ബംഗളൂരുവിന് പുറമെ ഫിജി ദ്വീപിലും ആൻഡമാനിലും സ്ഥാപിച്ച ട്രാൻസ്പോർട്ടബൾ ടെർമിനലുകളാണ് 'പോസ്റ്റ് ബേൺ' എന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.
110 ദിവസത്തെ യാത്രയിലൂടെയാണ് ആദിത്യ ലെഗ്രാഞ്ച് പോയന്റിലെ ലക്ഷ്യസ്ഥാനത്തെത്തുക. ലെഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഓർബിറ്റിൽ സ്ഥാനമുറപ്പിച്ചായിരിക്കും സൂര്യപര്യവേക്ഷണം നടത്തുക.
മിഴിതുറന്ന് സുപ്ര
അതിനിടെ പേടകത്തിലെ ഏഴ് ഉപകരണങ്ങളിൽ ഒന്നായ സുപ്ര (തെർമൽ ആൻഡ് എനർജെറ്റിക് പാർട്ടിക്കിൾ സ്‌പെക്ട്രോമീറ്റർ) പ്രവർത്തിപ്പിച്ചു. ഇതിലെ വിവരങ്ങൾ ബംഗളൂരുവിലെ മിഷൻ കൺട്രോൾ കേന്ദ്രത്തിലേക്കുമയച്ചു. ഭൂമിക്ക് അരലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശ നിരീക്ഷണ വിവരങ്ങളാണ് കൈമാറിയത്. ഉപകരണത്തിലെ ആറു സെൻസറുകൾ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഭൂമിയിൽ നിന്ന് 50,000 കിലോമീറ്റർ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാർജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചു തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |