ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ ചൊല്ലി രാജ്യസഭയിൽ കോൺഗ്രസ് അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും തമ്മിൽ ആദ്യ ദിനം തന്നെ വാക്പോര്. സംവരണത്തിൽ കൃത്രിമം കാട്ടുന്ന രാഷ്ട്രീയ പാർട്ടികൾ വിദ്യാഭ്യാസമില്ലാത്ത, പ്രതികരിക്കാത്ത വനിതകളെ തിരഞ്ഞെടുക്കുകയാണെന്ന ഖാർഗെയുടെ പരാമർശത്തിലായിരുന്നു തർക്കം.
പട്ടികജാതിക്കാരായ സ്ത്രീകളിൽ സാക്ഷരതാ നിരക്ക് കുറവാണെന്നും വിദ്യാസമ്പന്നരും പോരാടാൻ ശേഷിയുമുള്ളവരെ അവർ ഒരിക്കലും തിരഞ്ഞെടുക്കില്ലെന്നും ഖാർഗെ പറഞ്ഞു. പരാമർശത്തിനെതിരെ ഭരണപക്ഷം ബഹളമുയർത്തിയപ്പോൾ പാർട്ടികൾ എത്ര പിന്നാക്കക്കാരെയും പട്ടികജാതിക്കാരെയും തിരഞ്ഞെടുക്കുന്നുവെന്ന് നല്ല ധാരണയുണ്ടെന്ന് ഖാർഗെ പറഞ്ഞു.
എല്ലാ പാർട്ടികളും കഴിവില്ലാത്ത സ്ത്രീകളെ തിരഞ്ഞെടുക്കുന്നു എന്ന പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്ന് നിർമ്മല സീതാരാമൻ പ്രതികരിച്ചു. ദളിത് വിഭാഗത്തിൽ നിന്നുള്ള രാഷ്‌ട്രപതി ദ്രൗപതി മുർമു ശാക്തീകരിക്കപ്പെട്ട വനിതയാണ്. ബി.ജെ.പിയിലെ എല്ലാ വനിതാ എംപിമാരും ശാക്തീകരിക്കപ്പെട്ടവരാണ്. വനിതാ പ്രസിഡന്റുണ്ടായിരുന്ന കോൺഗ്രസിനും ഇതു ബാധകമാണ്. എല്ലാ പാർട്ടികളെയും കുറ്റപ്പെടുത്തുന്ന പരാമർശത്തെ എതിർക്കുന്നുവെന്നും അവർ പറഞ്ഞു.
നേരത്തെ, ജി.എസ്.ടിയെ ചൊല്ലിയും ഇരു നേതാക്കളും ഏറ്റുമുട്ടി. സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നെന്നും ഖാർഗെ ആരോപിച്ചു. ഒരു സംസ്ഥാനത്തിനും ഒരു രൂപ പോലും കുടിശ്ശികയില്ലെന്ന് സീതാരാമൻ മറുപടി നൽകി. തർക്കം നീണ്ടപ്പോൾ ഇരുവരോടും പറയാനുള്ളത് രേഖാമൂലം എഴുതി നൽകാൻ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |