തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന് തൃശൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിലും ഒരുതരത്തിലുള്ള കള്ളപ്പണ ഇടപാടും നടന്നിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് എം.കെ കണ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സതീഷിന്റെ പേരിൽ വായ്പ നൽകിയിട്ടില്ല. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളടക്കം ഇ.ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറി. അനിൽ അക്കരയും ഇ.ഡിയും ബി.ജെ.പിയും ചേർന്ന സഖ്യമാണ് റെയ്ഡ് നടത്തുന്നത്. അറസ്റ്റിനെ കുറിച്ചൊക്കെ ആധികാരികമായി പറയാൻ അനിൽ അക്കര ഇ.ഡിയുടെ ബോസ് ആണോ?. ഇ.ഡിയുടെ പരിശോധനയിൽ ഒന്നും കണ്ടുപിടിച്ചിട്ടില്ല. കരുവന്നൂർ കേസിലെ സംശയം മാറ്റാനാണ് ഇ.ഡി പരിശോധന നടത്തിയത്. .
സതീഷിനെ 30 വർഷമായി അറിയാം. ഫോണിൽ സംസാരിച്ചിട്ടുണ്ട്. ചായ കുടിക്കുകയും ചെയ്തിട്ടുണ്ട്. ഒരു രൂപയുടെ ഇടപാട് പോലും സതീഷുമായി നടത്തിയിട്ടില്ല. ഈ ബാങ്കിൽ സതീഷിന് ഒരു തരത്തിലുള്ള ബിനാമി ഇടപാടുമില്ല. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച പരിശോധന ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്കാണ് അവസാനിപ്പിച്ചത്. 393 കോടി രൂപ നിക്ഷേപമുള്ള ബാങ്കിൽ നിന്ന് 334 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. 6.25 കോടി രൂപ ലാഭത്തിലുള്ള തൃശൂർ സഹകരണ ബാങ്ക്, കെ.വൈ.സി ചട്ടം പാലിച്ചാണ് പ്രവർത്തിക്കുന്നത്. ഇ.ഡി സംഘം ഒരു ചോദ്യം ചെയ്യലും നടത്തിയിട്ടില്ല. ചില സംശയങ്ങൾ ചോദിച്ചു. ഒന്നും മറച്ചുവയ്ക്കാനില്ല. 25 ലക്ഷം രൂപ അക്കൗണ്ടുള്ള നൂറോളം പേർ മാത്രമേ ബാങ്കിലുള്ളൂ. സി.പി.എമ്മിനെയും സഹകരണ സ്ഥാപനങ്ങളെയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഇ.ഡിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കണ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |