പത്തനംതിട്ട : കറുപ്പുടുത്ത് കന്നിസ്വാമിയായി ആംഗ്ളിക്കൻ സഭ പുരോഹിതൻ ഫാ. ഡോ. മനോജ് ശബരിമലയിലെത്തി. അയ്യപ്പസ്വാമിയെ കൺനിറയെ കണ്ടുതൊഴുതു. തത്ത്വമസിയുടെ പൊരുളറിഞ്ഞ പുണ്യയാത്ര സഫലമായി.
തിരുവനന്തപുരം തിരുമല ക്ഷേത്രത്തിൽ നിന്ന് ഇരുമുടിക്കെട്ടുനിറച്ചായിരുന്നു യാത്ര. ശിവഗിരിയിലും പന്തളത്തും എരുമേലിയിലും ദർശനം നടത്തി വൃക്ഷത്തൈകൾ നട്ടു. ഇന്നലെ രാവിലെയാണ് ഫാ.മനോജ് ഉൾപ്പടെയുള്ള ആറംഗ സംഘം പമ്പയിലെത്തിയത്. പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തിയ ഇവരെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്വീകരിച്ചു. ശ്രീകോവിലിനുമുന്നിൽ ഏറെനേരം തൊഴുകൈകളോടെ നിന്ന് ഫാ. മനോജ് പ്രാർത്ഥിച്ചു. നെയ്യഭിഷേകം വഴിപാട് നടത്തി. മാളികപ്പുറത്ത് ദർശനം നടത്തിയശേഷം തേങ്ങ ഉരുട്ടി. അരി നിവേദിച്ചു.
സന്നിധാനം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും മനോജിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സന്നിധാനം മേൽശാന്തിയുടെ മുറിയിലിരുന്ന് അയ്യപ്പന്റെ ഐതിഹ്യങ്ങളും പൂജാകാര്യങ്ങളും മൂവരും ചർച്ചചെയ്തു. തുടർന്ന് മേൽശാന്തിമാർ പ്രസാദം നൽകി അദ്ദേഹത്തെ യാത്രയാക്കി.
41 നാൾ വ്രതമെടുത്തായിരുന്നു ഫാ.മനോജിന്റെ ശബരിമല യാത്ര. മലകയറ്റത്തിനിടെ അദ്ദേഹത്തെ തിരിച്ചറിഞ്ഞ സ്വാമിമാർ ശരണംവിളിച്ച് ഒപ്പംകൂടി. അക്കൂട്ടത്തിൽ സന്നിധാനം മുൻ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുമുണ്ടായിരുന്നു. സ്വാമിമാർ ഫാ. മനോജിനൊപ്പം സെൽഫിയുമെടുത്തു. പരിസ്ഥിതി പ്രവർത്തകരായ ശബരിനാഥ്, അമ്മ ജ്യോതി, റെസിൻ, ജ്യോതിഷ്, അഭിലാഷ്, അഭിഷേക് എന്നിവരാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.
ഫാ. മനോജ് ശബരിമല യാത്ര നടത്തുന്ന വിവരം കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച് പഠനം നടത്തുകയാണ് ലക്ഷ്യമെന്നും പരസ്പര സ്നേഹവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു യാത്രയുടെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യാത്ര നടത്തുമെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് പള്ളിയിൽ ശുശ്രൂഷ നടത്താനുള്ള ഫാ. മനോജിന്റെ ലൈസൻസും തിരിച്ചറിയൽ കാർഡുകളും ആംഗ്ളിക്കൻ സഭ തിരിച്ചുവാങ്ങിയിരുന്നു.
-------------------
'' അകത്തിരിക്കുന്ന ഈശ്വരനെ മനസും ശരീരവുംകൊണ്ട് അനുഭവിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷമേറെയാണ്. സന്നിധാനത്ത് എത്തിയപ്പോഴുള്ള ആത്മനിർവൃതിയും സമാധാനവും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇവിടെയെത്താനെടുത്ത തീരുമാനത്തിൽ വലിയ ദൈവികത കാണുന്നു. തത്ത്വമസി എന്ന വാക്ക് സന്നിധാനത്ത് നിന്ന് പറയുമ്പോൾ ഒരുപാട് അർത്ഥങ്ങളുണ്ട്.
-ഫാ. ഡോ.മനാേജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |