SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.54 PM IST

 മഹാസമാധി ദിനാചരണം ശിവഗിരിയിൽ വിശേഷാൽ പൂജ, കലശ പ്രദക്ഷിണം

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ 96-ാമത് മഹാസമാധി ദിനം ഇന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ ശിവഗിരി മഠത്തിൽ ആചരിക്കും. പുലർച്ചെ 5ന് വിശേഷാൽപൂജ, ഹവനം, ഡോ.ബി.സീരപാണിയുടെ പ്രഭാഷണം. 10ന് മഹാസമാധി സമ്മേളനവും ഉപവാസ യജ്ഞവും മന്ത്റി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുംബയ് സർവകലാശാലയിൽ ശ്രീനാരായണ ചെയർ സ്ഥാപിക്കുന്നതിന് ധനസഹായം നൽകുകയും ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി യുഗപുരുഷൻ എന്ന സിനിമ നിർമ്മിക്കുകയും ചെയ്ത ഡോ.എ.വി.അനൂപിനെ (എ.വി.എ ഗ്രൂപ്പ്) ആദരിക്കും.

രണ്ടു മണിക്ക് ശാരദാമഠത്തിൽ സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഹോമയജ്ഞം. മൂന്നിന് ശാരദാമഠത്തിൽ നിന്നും ആരംഭിക്കുന്ന കലശപ്രദക്ഷിണം വൈദികമഠം, ബോധാനന്ദസ്വാമി സമാധി വഴി മഹാസമാധി സന്നിധിയിൽ എത്തിച്ചേരും. മഹാസമാധി സമയമായ 3.30വരെ സമാധി പീഠത്തിൽ പ്രത്യേക പൂജകൾ നടക്കും. അഭിഷേകത്തോടെ ചടങ്ങുകൾ സമാപിക്കും.

കഴിഞ്ഞ ഗുരുദേവ ജയന്തി ദിനത്തിൽ നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത ഫ്ലോട്ടുകൾക്കും മറ്റ് മത്സരജേതാക്കൾക്കുമുളള സമ്മാനങ്ങൾ 4 മണിക്ക് വിതരണം ചെയ്യും.

ചെമ്പഴന്തിയിൽ പ്രത്യേക

പൂജ, സമൂഹ പ്രാർത്ഥന

ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ പ്രത്യേക പൂജാ ചടങ്ങുകളും സമൂഹപ്രാർത്ഥനയും നടക്കും. രാവിലെ 10ന് മഹാസമാധി ദിനാചരണ സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവർ മുഖ്യപ്രസംഗം നടത്തും. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ, മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.പി. ശങ്കരദാസ്, എസ്.എൻ.ഡി.പി യോഗം പത്രാധിപർ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് എന്നിവർ പങ്കെടുക്കും.

അരുവിപ്പുറത്ത്

അഖണ്ഡനാമ ജപം

ശ്രീനാരായണ ഗുരുദേവൻ പ്രഥമ പ്രതിഷ്ഠ നിർവഹിച്ച അരുവിപ്പുറം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും അഖണ്ഡനാമജപവും നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് 'സമാധി എന്നാൽ എന്ത്,​ എങ്ങനെ നാം ആചരിക്കണം' എന്ന വിഷയത്തിൽ സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം. 3.30ന് മഹാസമാധി പൂജയും തുടർന്ന് കഞ്ഞി വീഴ്ത്തും. ഗുരുദേവൻ ദീർഘനാൾ തപസനുഷ്ഠിച്ച കൊടിതൂക്കിമല കുമാരഗിരി ഗുരുക്ഷേത്രത്തിലും പൂജയും മറ്റ് ചടങ്ങുകളുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA