ലക്നൗ: ഉത്തർപ്രദേശിൽ വനിതാ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതിയായ അനീസ് ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ട് കൂട്ടാളികൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളെ പിടികൂടാൻ ഉത്തർപ്രദേശ് പൊലീസും ലക്നൗ സ്പെഷ്യൽ ടാക്സ് ഫോഴ്സും ഇനായത്ത് മേഖലിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ ആക്രമണത്തിൽ ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞമാസം മുപ്പതിനാണ് സരയു എക്സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്ന പൊലീസുകാരിക്കുനേരെ ആക്രമണം ഉണ്ടായത്. മൂർച്ചയേറിയ ആയുധംകൊണ്ടുള്ള ആക്രമണത്തിൽ തലയിലും മുഖത്തും മാരകമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസുകാരിയെ കണ്ടെത്തിയത്. ലക്നൗ ആശുപത്രിയിൽ പ്രവേശിച്ച ഇവർ ഇപ്പോഴും ചികിത്സയിലാണ്. തലയോട്ടിയിൽ മാരകമായ രണ്ട് പൊട്ടലുകൾ ഉണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.
സീറ്റിനെച്ചൊല്ലിയുള്ള വഴക്കാണ് ആക്രമണത്തിന് ഇടയാക്കിയത്. മങ്കപൂർ സ്റ്റേഷനിൽ വച്ചയായിരുന്നു ആക്രമണം. സീറ്റിനെച്ചൊല്ലി തർക്കിച്ചശേഷം ബർത്തിൽ ഇരിക്കുകയായിരുന്ന പൊലീസുകാരിയെ ട്രെയിനിന് വേഗം കൂടിയപ്പോൾ പ്രതികൾ സംഘംചേർന്ന് വലിച്ച് നിലത്തിട്ടശേഷം ആക്രമിക്കുകയായിരുന്നു. അയാേദ്ധ്യ സ്റ്റേഷനിൽ വണ്ടി നിറുത്തിയപ്പോൾ സംഘം രക്ഷപ്പെടുകയും ചെയ്തു.
പൊലീസുകാരിയുടെ സഹാേദരന്റെ പരാതിയെത്തുടർന്ന് പ്രതികൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പ്രതികളുടെ ഒളിസങ്കേതം കണ്ടെത്തിയ പൊലീസ് അവിടെ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. രക്ഷപ്പെടാനുളള ശ്രമത്തിനിടെ നിരവധി കുറ്റവാളികളാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കേസിൽ പിടിയിലാവുന്നവരുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നതും പതിവാണ്. ഇതെല്ലാം പേടിച്ച് സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |