കൊൽക്കത്ത: ആൺകുട്ടികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായി. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് മാനേജ്‌മെന്റിലാണ് (ഐഐഎം) സംഭവം. പീഡനത്തിനിരയായ പെൺകുട്ടി ഐഐഎം വിദ്യാർത്ഥിനി അല്ലെന്നാണ് വിവരം. സംഭവത്തെത്തുടർന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിലായി.
കോളേജ് ഹോസ്റ്റലിൽ ഇന്നലെയാണ് സംഭവം നടന്നത്. കൗൺസലിംഗ് സെഷനുവേണ്ടി തന്നെ ഹോസ്റ്റലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നത്. തുടർന്ന് വിദ്യാർത്ഥി നൽകിയ പാനീയം കുടിച്ചതോടെ അബോധാവസ്ഥയിലായി. പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയിട്ടുണ്ടായിരുന്നു. ബോധം തിരികെ ലഭിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. വിവരം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനി പറഞ്ഞു. ഇന്നലെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |