സർപ്പസൗന്ദര്യമുള്ള രവിവർമ്മചിത്രത്തിന്റെ രതിഭാവത്തെ പാട്ടിലാക്കി മലയാളിയുടെ മനസിൽ കുടിയിരുത്തിയ ആർ.കെ. ദാമോദരന് സപ്തതി ആഘോഷവേളയിലും മോഹമൊന്നുമാത്രം - പാട്ടായാലും കവിതയായാലും ഇനിയുമൊരുപാട് എഴുതണം. പ്രായം കടന്നുപോയെങ്കിൽ ഒരിക്കൽക്കൂടി ജനിക്കണം. 70ാം പിറന്നാളാഘോഷത്തിന് മൂകാംബിക ക്ഷേത്രത്തിൽ പോയപ്പോഴും പതിവുപോലെ ഇതായിരുന്നു പ്രാർത്ഥന. എന്തൊക്കെയോ എഴുതിയെന്നല്ലാതെ കവിയോ മറ്റെന്തെങ്കിലുമോ ആയെന്നു കരുതുന്നില്ല. അതുകൊണ്ട്, കവി ആകുംവരെ പുനർജന്മം നല്കി അനുഗ്രഹിക്കണമെന്നാണ് അമ്മയോടുള്ള അപേക്ഷ. സ്വാർത്ഥതയല്ല, പ്രാർത്ഥനയാണിതെന്ന് അദ്ദേഹം പറയുന്നു. 2002ൽ തരംഗിണി സ്റ്റുഡിയോ ഇറക്കിയ സൗപർണിക തീർത്ഥം കാസറ്റിൽ യേശുദാസ് ആലപിച്ച ഗാനങ്ങളിലൊന്നിൽ ഈ സ്വപ്നമുണ്ട്-പുണ്യാത്മാവാം കവിയാകുംവരെ പുനരപിജനനം വേണം. അതിലെ പത്തുഗാനങ്ങളും രചിച്ചത് ആർ.കെ. ദാമോദരനാണ്.
'രവിവർമ്മ ചിത്രത്തിൻ രതിഭാവമേ, രഞ്ജിനി രാഗത്തിൻ രോമാഞ്ചമേ" എന്ന എക്കാലത്തെയും ഹിറ്റ് ഗാനമെഴുതി ചലച്ചിത്രഗാന രംഗത്തേക്കു ചുവടുവയ്ക്കുമ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ദാമോദരൻ. എം.കെ. അർജുനന്റെ ഹാർമോണിയത്തിലൊഴുകിയ ഈണത്തിലാറാടിയ വരികൾക്ക് അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടായിരുന്നു. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. രാജു റഹീം എന്ന ചിത്രത്തിലെ ഗാനം സംഗീത സംവിധായകൻ ദേവരാജൻ ഇഷ്ടപ്പെട്ടിരുന്നു എന്നതാണ് മറ്റൊരു അനുഗ്രഹം. ഈ പാട്ട് റെക്കോർഡ് ചെയ്ത് മദ്രാസിൽ നിന്നു തിരിച്ചെത്തിയ ശേഷം പഴയൊരു ടേപ്പ് റിക്കോർഡറും കാസറ്റുമായി മഹാരാജാസിലെത്തി അദ്ധ്യാപകരായ എം. കൃഷ്ണൻ നായർ, എം. അച്യുതൻ, ഡോ. എം. ലീലാവതി, എം.കെ. സാനു, ഡോ. എം. തോമസ് മാത്യു തുടങ്ങിയവരെ കേൾപ്പിച്ചു.
പാട്ടിന്റെ നാടായ പാലക്കാടുനിന്ന് ചെറുപ്രായത്തിൽത്തന്നെ കുടുംബത്തോടൊപ്പം എറണാകുളത്തു സ്ഥിരതാമസമാക്കിയ ആർ.കെ.ദാമോദരനെ തേടി നിയോഗം പോലെ അവസരങ്ങൾ എത്തുകയായിരുന്നു. വീടിനു മുന്നിലുള്ള കട നടത്തിയിരുന്ന ഷൗക്കത്തിന്റെ അടുത്ത ചങ്ങാതിയായിരുന്നു ഗായകൻ മെഹബൂബ്. 'വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണേ..." എന്ന ഹിറ്റ് ഗാനം പാടി അദ്ദേഹം തിളങ്ങിനിൽക്കുന്ന കാലമായിരുന്നു. ജാഡകളില്ലാതെ, മുഷിഞ്ഞ ഷർട്ടും മുണ്ടും ധരിച്ച് ഷൗക്കത്തിന്റെ കടയിലിരുന്ന് മേശയിൽ താളമിട്ട് ഈ പാട്ടടക്കം അദ്ദേഹം ആസ്വദിച്ചു പാടുന്നത് കേൾക്കാൻ ദാമോദരൻ എത്തുമായിരുന്നു. 'മോനേ, പാട്ട് ഇഷ്ടമാണോ, ഭായിക്ക് രണ്ടുവരി എഴുതിത്തന്നാൽ പാടി കേൾപ്പിക്കാം" എന്ന് മെഹബൂബ് ചോദിച്ച സമയമാണ് തലവരമാറ്റിയത്. എഴുതിക്കൊടുത്തതിന് ഈണമിട്ട് അദ്ദേഹം പാടിയതായിരുന്നു ആദ്യത്തെ അംഗീകാരം. പിന്നീട്, കലൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സീനിയറായി പഠിച്ച കൊച്ചിൻ ഹനീഫയുമായുള്ള സൗഹൃദവും കലാജീവിതത്തിൽ നേട്ടമായി. ദാമോദരന്റെ അച്ഛൻ രാമൻകുട്ടിനായരും ഹനീഫയുടെ പിതാവും അടുത്ത സുഹൃത്തുക്കളായിരുന്നു. സ്കൂളിലും കോളേജിലുമെല്ലാം നാടകവും മിമിക്രിയുമായി സജീവമായിരുന്നു ഹനീഫ. ഇരുവരുടെയും സുഹൃത്തായിരുന്നു 'ആർകെ"യുടെ സഹപാഠിയായിരുന്ന പ്രസന്നൻ. സിനിമയിലൊരു പാട്ടെഴുതണമെന്ന മോഹം ആദ്യമായി പങ്കുവച്ചത് പ്രസന്നനോട് ആയിരുന്നു. നാടകങ്ങളിൽ പാട്ടെഴുതുകയും വാരികകളിൽ കവിതയും കഥയുമെഴുതുന്ന കാലമായിരുന്നു അത്. സമയമാകുമ്പോൾ എല്ലാം ശരിയാകുമെന്ന് പ്രസന്നൻ ആത്മവിശ്വാസം പകർന്നു.
ദാമോദരന്റെ സിനിമാമോഹത്തെക്കുറിച്ച് ഹനീഫയെ പ്രസന്നൻ അറിയിക്കുന്നുണ്ടായിരുന്നു. ഒരുദിവസം ഹനീഫയുടെ കത്തു ലഭിച്ചു- എത്രയും പെട്ടെന്ന് മദ്രാസിൽ എ.വി.എം സ്റ്റുഡിയോയിൽ എത്തുക. 'രവിവർമ്മ ചിത്രത്തിൻ" എന്ന ആദ്യഗാനത്തിലേക്കുള്ള അവിസ്മരണീയ യാത്രയായിരുന്നു അത്. യേശുദാസിനെ കണ്ടപ്പോൾ, പരിചയപ്പെടണമെന്ന മോഹം എം.കെ. അർജുനനോട് പറഞ്ഞു. യേശു, ഇത് ദാമോദരൻ, നമ്മുടെ നാട്ടുകാരനാണ് എന്ന് അദ്ദേഹം പരിചയപ്പെടുത്തി. ഒരുപാട് സമയം യേശുദാസ് സംസാരിക്കുകയും പാട്ട് ഗംഭീരമായെന്നും പറഞ്ഞു. അങ്ങനെ മനസുനിറഞ്ഞ് നാട്ടിലേക്കു മടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടുമെത്തി ഹനീഫയുടെ കത്ത്. അതേ സിനിമയിലേക്കു തന്നെ ഒരു തമാശപ്പാട്ട് എഴുതാനായിരുന്നു ആവശ്യം. അങ്ങനെയാണ് 'ബൂസ് ലിക്കുഞ്ഞല്ലയോ സാക്ഷാൽ ഭീമനും അങ്ങല്ലയോ" എന്ന ഗാനം പിറന്നത്. ഒന്നിനൊന്നു വ്യത്യസ്തമായ രണ്ടു പാട്ടുകളെഴുതിയ തുടക്കക്കാരൻ എന്ന അംഗീകാരം കൂടുതൽ അവസരങ്ങളൊരുക്കി. ജെ.സി. കുറ്റിക്കാട് സംവിധാനം ചെയ്ത അകലങ്ങളിൽ അഭയം, ആന്റണി ഈസ്റ്റ്മാന്റെ വയൽ എന്നീ ചിത്രങ്ങളിലും ദേവരാജനൊപ്പം പ്രവർത്തിച്ചു. ദാമോദരൻ-എം.കെ.അർജുനൻ കൂട്ടുകെട്ടിൽ പിറന്ന, മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലെ 'ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ" എന്ന ഗാനവും സൂപ്പർഹിറ്റായി. 118 സിനിമാഗാനങ്ങളും ആയിരക്കണക്കിന് ഭക്തിഗാനങ്ങളും ഒട്ടേറെ കവിതകളുമെഴുതി ഇന്നും സജീവമാണെങ്കിലും പുതിയ സിനിമകളിലെ ന്യൂജെൻ ഗാനങ്ങളോട് പ്രതിപത്തിയില്ല.
രാജലക്ഷ്മിയാണ് ഭാര്യ. മകൾ അനഘ ഭർത്താവിനൊപ്പം ബഹ്റൈനിലാണ്.
ദേവരാജൻ മാഷിനൊപ്പം
ദേവരാജൻ മാഷിനോടൊപ്പം ഒരു പാട്ട് ചെയ്യണമെന്ന മോഹം സാധിച്ചുതന്നത് സുഹൃത്തായ കലൂർ ഡെന്നീസാണ്. അധികം കാത്തിരിക്കേണ്ടിവന്നില്ല. ഐ.വി. ശശിയുടെ 'അനുഭവങ്ങളേ നന്ദി" യുടെ തിരക്കഥ ഡെന്നീസിന്റേതായിരുന്നു. ഒട്ടും വൈകാതെ ഇരുവരും മഹാലിംഗപുരത്ത് മാഷിന്റെ വീട്ടിലെത്തി. സംസാരത്തിനിടെ, പുതിയ ആൾക്കാരെ പരീക്ഷിച്ചുകൂടെ എന്ന് ഡെന്നീസ് ചോദിച്ചപ്പോൾ, 'ഏതാടാ ഈ പുതിയവർ, ഒന്നും കൊള്ളത്തില്ലടാ, കുട്ടൻ (വയലാർ) പോയില്ലേടാ... എല്ലാം കഴിഞ്ഞു" എന്നായിരുന്നു മറുപടി. ഡെന്നീസ് പരിചയപ്പെടുത്തിയപ്പോൾ, 'ഇയാൾ എന്നാ ചെയ്യുവാ" എന്ന് മുഖമുയർത്താതെ മാഷ് ചോദിച്ചു. മഹാരാജാസിൽ ബി.എയ്ക്ക് പഠിക്കുകയാണെന്ന് വിറയലോടെ പറഞ്ഞപ്പോൾ, 'ഈ ബി.എയും എം.എയും കൊണ്ടൊന്നും കാര്യമില്ലടാ... മനസിൽ കവിതവേണം, കവിത കേട്ടോ" എന്നായിരുന്നു ഒട്ടും താത്പര്യമില്ലാതെ മറുപടി. ഒടുവിൽ ഡെന്നീസിന്റെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. അഞ്ചാറ് പാട്ട് എഴുതിക്കൊണ്ടുവാ നോക്കട്ടെ എന്നായിരുന്നു ഉപാധി. സങ്കടത്തോടെയാണ് മടങ്ങിയതെങ്കിലും അന്നു രാത്രി തന്നെ കഥയിലെ സന്ദർഭത്തിനു യോജിച്ച പാട്ടെഴുതി-'ദേവന്റെ കോവിലിൽ കൊടിയേറ്റ്, ഇന്നെൻ ദേവിതൻ കാവിൽ മുടിയേറ്റ്...". ഒരുപാട്ടിൽ അവസാനിപ്പിച്ച് അതുമായി ഡെന്നീസിനൊപ്പം മാഷിനെ കാണാനെത്തി. അലക്ഷ്യമായി വായിച്ച് മേശപ്പുറത്ത് വച്ചശേഷം ഡെന്നീസുമായി മറ്റു വർത്തമാനങ്ങളിലേക്കു കടന്നു. പാട്ട് ഇഷ്ടപ്പെട്ടില്ലെന്നും ഒന്നു പൊട്ടിക്കരയണമെന്നും തോന്നി. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് ഓർക്കാപ്പുറത്തായിരുന്നു മാഷിന്റെ പ്രതികരണം. 'വായിച്ചിട്ട് തരക്കേടില്ലാന്ന് തോന്നുന്നു, ഞാനൊന്നു ട്യൂൺ ചെയ്തു നോക്കട്ടെ". ഇതിലപ്പുറം ഒരു അംഗീകാരം ജീവിതത്തിൽ കിട്ടാനില്ലെന്ന് ആർ.കെ വിശ്വസിക്കുന്നു. സംഗീത ലോകത്തെ ലോകാത്ഭുതങ്ങളിലൊന്നായിരുന്നു ദേവരാജൻ മാഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |