''കൊല്ലംകോണം - പുളിയറക്കോണം റോഡും നടൻ മധുവും "കൈതപ്പൂ " എന്ന സിനിമയും. "സ്റ്റുഡിയോ റോഡ് " എന്ന് നാട്ടുകാർ വിശേഷിപ്പിച്ച രണ്ടു റോഡുകളാണ് തിരുവനന്തപുരത്ത് നേമം മുക്കിൽ നിന്നും " മെരിലാൻറ് സ്റ്റുഡിയോ "യിലേക്കുള്ളതും, പേയാടിനപ്പുറം കൊല്ലംകോണത്തു നിന്നും "ഉമാസ്റ്റുഡി"യോയിലേക്കുള്ളതും.
പുളിയറക്കോണത്ത് ഉമാ സ്റ്റുഡിയോ 1970-കളുടെ മദ്ധ്യത്തിൽ ആരംഭിക്കും വരെ കൊല്ലംകോണത്തു നിന്നും അലേറ്റി വഴി പുളിയറക്കോണത്തേക്കുള്ള വഴിയെന്നത് കാളവണ്ടികൾ മാത്രം പോയിരുന്ന കുണ്ടും കുഴിയും നിറഞ്ഞ ഒരു നാട്ടു ചെമ്മൺപാതയായിരുന്നു. എവിടെ നോക്കിയാലും മരച്ചീനിവിളകൾ! താഴ്ന്ന പ്രദേശത്തെ ഏലായകളിൽ നെല്ലും വാഴയും പച്ചക്കറി കൃഷികൾ ! നേരം വൈകിയാൽ സ്ത്രീകൾ ഈ വഴി സഞ്ചരിക്കാറില്ലാ ! വൈദ്യുതി ലഭിക്കാത്ത വഴി ! അതിനാൽ പല വീടുകളിലും വൈദ്യുതിയില്ലായിരുന്നു. ശരിക്കും ഒരു നാട്ടിൻപുറം ! ഉമാ സ്റ്റുഡിയോയിലേക്കുള്ള സിനിമാവണ്ടികളും താരങ്ങളുടെ കാറുകളും പോകാൻ നന്നേ ബുദ്ധിമുട്ടിയപ്പോൾ നടൻ മധു പഞ്ചായത്തുമായി ബന്ധപ്പെട്ടു. പഞ്ചായത്തിന് മുടക്കാൻ പണമില്ലെന്ന് ചിലർ ! സ്വന്തം പണം മുടക്കി അദ്ദേഹം തന്നെ വഴിതെളിച്ചു. അദ്ദേഹത്തിന്റെ സ്റ്റുഡിയോ നാടിന്റെ വഴിവിളക്കായി. നാട്ടുകാരിൽ ചിലർക്ക് സ്റ്റുഡിയോയിൽ ജോലി നൽകി. "കൈതപ്പൂ " ഉൾപ്പെടെ എത്രയോ ഉമാ സ്റ്റുഡിയോ ചിത്രങ്ങൾ അവിടെ ചിത്രീകരിച്ച ശേഷമാണ് മറ്റ് സിനിമാ കമ്പനികളും പുളിയറക്കോണത്തെ മരച്ചീനി വിളകളെയും ചെമ്മൺപാതകളേയും "സിനിമയിലെടുത്തത് "! പല ഹിറ്റു സിനിമകളിലെ ഗാന രംഗങ്ങളിൽ ഇവിടം തെളിഞ്ഞു കാണാം. ബിച്ചു തിരുമല എഴുതി ശ്യാം സംഗീതം നൽകി പി. സുശീല പാടിയ " കൈതപ്പൂ " സിനിമയിലെ "മലയാളമേ മലയാളമേ .... മലകളും നിരകളും മണിപ്രവാളങ്ങളും .. " എന്ന ഗാനം കൊല്ലംകോണം മുക്കിൽ പൂർണമായും ഷൂട്ട് ചെയ്യുമ്പോൾ മധുവും എം മണിയും നിർമ്മാതാവിന്റെ സ്ഥാനത്ത് അവിടെയുണ്ടായിരുന്നു. ഈ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റുകളായി കൂട്ടം കൂടി നിന്നവരൊക്കെ കൊല്ലം കോണത്തുകാരായിരുന്നു .
"കള്ളൻ പവിത്രൻ " എന്ന പത്മരാജൻ സിനിമയിലെ "പവിത്രൻ " അലേറ്റിയ്‌ക്കടുത്തുള്ള "പുഷ്ക്കരൻ കള്ളന്റെ'' ജീവിതമാണെന്നു പോലും അന്നൊക്കെ അവിടുള്ളവർ പറയുമായിരുന്നു. ! ആ ചിത്രത്തിലെ പല രംഗങ്ങളിലും പേയാടിന്റെ പഴയ പരിസരമൊക്കെ കാണാം. പിന്നെ Alind എന്ന സ്ഥാപനം അലേറ്റി മുക്കിൽ വന്നു. 1980-കൾക്കൊടുവിലാണ് അവിടെ ടാറിട്ട റോഡു വന്നത്. കാലം മാറി.
നാട്ടിൽ ഒരു Man Missing കേസിൽ ഇതേ നാട്ടുകാർ തന്നെ ഒരാവശ്യവുമില്ലാതെ നടൻ മധുവിനെതിരെ തിരിഞ്ഞതും ആ നാട്ടിലെ പഴയ തലമുറയിൽ പെട്ട ചിലരെങ്കിലും ഓർക്കുന്നുണ്ടാകും ! അദ്ദേഹം മാനസികമായി ഏറെ തകർന്ന ഒരു കാലമായിരുന്നു അത്. പിന്നീട് ഉമാ സ്റ്റുഡിയോ നിശ്ചലമായി ! അവിടം പിന്നീട് ഏഷ്യാനെറ്റ് സ്റ്റുഡിയോ ആയതുമൊക്കെ പിൽക്കാല ചരിത്രം. ജീവിതത്തിന്റെ കയ്പും മധുരവും ഒരു പോലെ അനുഭവിച്ചറിഞ്ഞ് നവതിയിലെത്തിയ മധുസാറിന് ഹൃദയം നിറഞ്ഞ ആശംസകൾ''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |