ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ ക്ഷണിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സിനിമതാരങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ച ബി.ജെ.പി രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് ഖാർഗെ പറഞ്ഞു. ഇത് രാഷ്ട്രപതിക്ക് നേരിട്ട അപമാനമാണ്. കോൺഗ്രസിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. ബി.ജെ.പി ഇത്തരത്തിൽ എല്ലാ വിഭാഗം ജനങ്ങളേയും പാർട്ടിയിലേക്ക് ക്ഷണിക്കാറില്ലെന്നും ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഖാർഗെയുടെ വിമർശനം.
പാർലമെന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ക്ഷണിക്കാതിരുന്നതിനെയും ഖാർഗെ വിമർശിച്ചു. കോവിന്ദനോട് തൊട്ടുകൂടായ്മയുള്ളതിനാലാണ് പരിപാടിക്ക് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത്. തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടാനുള്ള തന്ത്രം മാത്രമാണ് ബി.ജെ.പിയുടെ വനിത സംവരണ ബില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസിനെ മോദിക്ക് ഭയം: രാഹുൽ
ജാതി സെൻസസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാനാണ് സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്. എന്നാൽ, വനിതാ സംവരണ ബില്ലാണ് പാസാക്കിയത്. മണ്ഡല പുനർനിർണ്ണയവും സെൻസസും ചൂണ്ടിക്കാട്ടി ബി.ജെ.പി ബിൽ നടപ്പാക്കുന്നത് 10 വർഷത്തേക്ക് നീട്ടുമെന്നും രാഹുൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |