SignIn
Kerala Kaumudi Online
Wednesday, 29 November 2023 12.05 PM IST

നാടകാന്തം സ്ത്രീ സംവരണം

photo

പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടിയപ്പോൾ മാദ്ധ്യമങ്ങളും നിരീക്ഷകരും പ്രതിപക്ഷനേതാക്കളും കരുതിയത് ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റാനോ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം അംഗീകരിപ്പിക്കാനോ അതുമല്ലെങ്കിൽ ഏകസിവിൽ കോഡിന്റെ കരട് അവതരിപ്പിക്കാനോ ആയിരിക്കുമെന്നാണ്. എന്നാൽ സംഭവിച്ചത് അതൊന്നുമല്ല. ഏറെക്കാലമായി കോൾഡ് സ്റ്റോറേജിലിരുന്ന വനിതാ സംവരണബിൽ പൊടിതട്ടി ആദ്യം ലോക്‌സഭയിലും പിറ്റേന്ന് രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കി. വനിത സംവരണത്തെക്കുറിച്ച് വളരെ ആശങ്കയുള്ള പല പാർട്ടികളും പ്രതിപക്ഷ മുന്നണിയിലുണ്ട്- ഉത്തരേന്ത്യയിൽ പിന്നാക്ക സമുദായ രാഷ്ട്രീയം പയറ്റുന്ന സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ, ജനതാദൾ (യു) എന്നിവ പ്രത്യേകിച്ചും. ദക്ഷിണേന്ത്യയിലെ ദ്രാവിഡ മുന്നേറ്റ കഴകം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവയും അക്കൂട്ടത്തിൽപ്പെടും. ഇവ‌ർക്കാർക്കും പ്രതിഷേധിക്കാനോ പ്രതികരിക്കാൻ പോലുമോ പറ്റാത്തത്ര വേഗത്തിൽ ബിൽ അവതരിപ്പിക്കുകയും പൂവിരിയും പോലെ അതു പാസാക്കിയെടുക്കുകയുമാണ് നരേന്ദ്രമോദി ചെയ്തിട്ടുള്ളത്. ലോക്‌സഭയിൽ നിർണായകമായ ഈ ഭരണഘടനാ ഭേദഗതിയെ എതിർക്കാൻ മജ്‌ലിസ് ഇത്തിഹാദുൽ മുസ്ലിമീൻ എന്ന പാർട്ടിയുടെ രണ്ടംഗങ്ങൾ മാത്രമേ ഉണ്ടായുള്ളൂ; രാജ്യസഭയിൽ ആരും ഉണ്ടായില്ല. അങ്ങനെ ഏറെക്കുറെ സർവസമ്മതമായി ഭരണഘടനാ ഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. ഇനി പകുതിയിലധികം നിയമസഭകൾകൂടി അംഗീകരിക്കണം. പിന്നെ രാഷ്ട്രപതി തുല്യം ചാർത്തണം, ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തണം.

ഭരണഘടനാഭേദഗതി പാസാക്കിയത് വളരെ തിടുക്കത്തിലാണെങ്കിലും വനിതാസംവരണം എന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1987ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി നിയോഗിച്ച മാർഗരറ്റ് ആൽവയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പിന്നീട് പി.വി. നരസിംഹറാവുവിന്റെ ഭരണകാലത്ത് ത്രിതല പഞ്ചാത്തുകളിലും മുനിസിപ്പാലിറ്റികളിലും 33 ശതമാനം സ്ത്രീസംവരണം യാഥാർത്ഥ്യമായി. അതോടെ നിയമസഭയിലും ലോക്‌സഭയിലും വനിതകൾക്ക് സംവരണം വേണമെന്ന ആശയം പ്രബലമായി. 1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ആദ്യമായി ഒരു ബില്ല് അവതരിപ്പിച്ചത്. പലഭാഗത്തുനിന്നും വലിയ എതിർപ്പുണ്ടായി. അന്നത്തെ ഭരണമുന്നണിയിലും പ്രതിപക്ഷ പാർട്ടികളിലും ബില്ലിനോട് എതിർപ്പുള്ള പല നേതാക്കളും ഉണ്ടായിരുന്നു. സി.പി.ഐ മെമ്പർ ഗീത മുഖർജിയുടെ അദ്ധ്യക്ഷതയിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിട്ടു. ആ കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങളാണ് പിന്നീടുണ്ടായ എല്ലാ ബില്ലുകളുടെയും അടിത്തറ. അടൽ ബിഹാരി വാജ്‌പേയി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന 1998-2004 കാലത്തും വനിതാസംവരണത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. അന്നും ബില്ലവതരണം തകൃതിയായി നടന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. സംവരണത്തിന്റെ ഗുണഭോക്താക്കൾ സവർണവനിതകൾ മാത്രമായിരിക്കുമെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ഒരുവിഭാഗം വാദിച്ചു. ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതി പട്ടികവർഗക്കാർക്കല്ലാതെ പിന്നാക്ക സമുദായക്കാർക്കോ ന്യൂനപക്ഷങ്ങൾക്കോ സംവരണം അനുവദിച്ചിട്ടില്ല എന്നറിയാത്തതുകൊണ്ടല്ല ഇവർ ഇത്തരമൊരു വിതണ്ഡവാദം മുന്നോട്ടുവച്ചത്. വനിതാസംവരണത്തെ ഏതുനിലയ്ക്കും തടസപ്പെടുത്താൻ അതല്ലാതെ മാർഗമില്ല എന്നതുകൊണ്ടാണ്. മൻമോഹൻ സിംഗ് നയിച്ച യു.പി.എ സർക്കാരും വനിതാസംവരണം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായിരുന്നു. സോണിയാഗാന്ധിയും സുഷമ സ്വരാജും ബൃന്ദ കാരാട്ടും മമത ബാനർജിയുമൊക്കെ ഒത്തുപിടിച്ചു ശ്രമിച്ച് രാജ്യസഭയിൽ ബില്ല് പാസായി. എന്നാൽ ലോക്‌സഭയിൽ അതവതരിപ്പിക്കാനോ പാസാക്കിയെടുക്കാനോ കഴിഞ്ഞില്ല. വനിതാസംവരണ ബിൽ അവതരിപ്പിച്ച ഓരോ അവസരത്തിലും ഒരുവിഭാഗം അംഗങ്ങൾ അക്രമാസക്തരായി. ചിലർ ബില്ല് കീറിയെറിഞ്ഞു, ചിലർ അദ്ധ്യക്ഷപീഠത്തിൽ ചാടിക്കയറി അക്രമത്തിനൊരുമ്പെട്ടു. പോക്കിരികളെ പിടിച്ചുപുറത്താക്കി ബില്ല് അവതരിപ്പിച്ച് പാസാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിനുള്ള തന്റേടമോ താൻപോരിമയോ അന്നത്തെ ഭരണകർത്താക്കൾക്ക് ഉണ്ടായില്ല. മാത്രമല്ല, ബില്ലിനെ അനുകൂലിക്കുന്നതായി നടിക്കുന്നവരും ഉള്ളുകൊണ്ട് അതു പാസാകരുത് എന്ന അഭിപ്രായക്കാരായിരുന്നു. കാരണം ഓരോരുത്തരും അട്ടിപ്പേറാക്കി വച്ചിരിക്കുന്ന മണ്ഡലങ്ങൾ വനിതകൾക്കുവേണ്ടി വിട്ടുകൊടുക്കേണ്ടിവരും എന്നതുതന്നെ.

അങ്ങനെ വനിതാനേതാക്കൾ തന്നെയും മറന്നുപോയ കാലത്താണ് നരേന്ദ്രമോദി ഭരണഘടനാ ഭേദഗതി പൊടിതട്ടിയെടുത്ത് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയത്. ഏതുകാര്യവും നാടകീയമായി അവതരിപ്പിക്കാനും മിഴിചിമ്മുന്നതിനുള്ളിൽ അത് നടപ്പാക്കിയെടുക്കാനും നരേന്ദ്രമോദി-അമിത് ഷാ ടീമിന് പ്രത്യേക വിരുതുണ്ട്. ഇവിടെയും അതുതന്നെ സംഭവിച്ചു. പഴയ പാർലമെന്റ് മന്ദിരത്തോട് വൈകാരികമായി വിടപറഞ്ഞ് പ്രധാനമന്ത്രിയും അനുചരന്മാരും പുതിയ മന്ദിരത്തിലേക്ക് നടന്നു കയറി. അനന്തരം ഒന്നാമത്തെ കാര്യപരിപാടിയായി വനിതാസംവരണബിൽ അവതരിപ്പിച്ചു. പിറ്റേദിവസം ലോക്‌സഭയും അതിനടുത്ത ദിവസം രാജ്യസഭയും ചർച്ച ചെയ്തു. മുമ്പ് പലവിധ മുടന്തൻ ന്യായങ്ങൾ കണ്ടെത്തി ബില്ലിനെ എതിർത്ത പാർട്ടികൾ കൂടിയും വനിതാ സംവരണം ഉടൻ നടപ്പാക്കണം എന്നാവശ്യപ്പെട്ടു. ഒ.ബി.സി സംവരണത്തിനുവേണ്ടി വാദിച്ചവർ പോലും അതുൾപ്പെടുത്താതെ ബില്ല് പാസാക്കരുത് എന്നു ശഠിച്ചില്ല. രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നു വനിതാ സംവരണമെന്ന് കോൺഗ്രസുകാർ അനുസ്മരിച്ചു. രാജ്യസഭയിൽ തങ്ങളാണിത് പാസാക്കിയതെന്ന് അവർ അഭിമാനിച്ചു. ചരിത്രനേട്ടമാണിതെന്ന് എല്ലാ പാർട്ടികളും ഏകസ്വരത്തിൽ ആവർത്തിച്ചു. അങ്ങനെ സർവം ശുഭം മംഗളമായി പര്യവസാനിച്ചു. നേരത്തേ തീരുമാനിച്ചതിലും ഒരു ദിവസം മുമ്പേ സഭ പിരിഞ്ഞു.

എന്തുകൊണ്ടാണ് ദേവഗൗഡയും വാജ്‌പേയിയും മൻമോഹൻസിംഗും പരാജയപ്പെട്ടിടത്ത് നരേന്ദ്രമോദി വിജയിച്ചത്?. 1989ൽ രാജീവ് ഗാന്ധിയുടെ ഭരണം അവസാനിച്ചശേഷം 2014ൽ നരേന്ദ്രമോദി അധികാരത്തിലേറും വരെ രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നു. വി.പി. സിംഗ് മുതൽ മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാർക്കാർക്കും ലോക്‌സഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഒന്നുകിൽ ന്യൂനപക്ഷ മന്ത്രിസഭ, അല്ലെങ്കിൽ കൂട്ടുകക്ഷി സർക്കാർ. അതുകൊണ്ടുതന്നെ വേണ്ടത്ര സ്ഥൈര്യമോ രാഷ്ട്രീയ ഇച്ഛാശക്തിയോ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഈർക്കിലി പാർട്ടികളുടെ പോലും സമ്മർദത്തിന് വഴങ്ങേണ്ടിവന്നു-പ്രത്യേകിച്ചും സ്വന്തം മൂക്കിനപ്പുറം കാണാൻ കഴിവില്ലാത്ത പ്രാദേശിക നേതാക്കളുടെ. സമാജ് വാദി പാർട്ടിക്കും രാഷ്ട്രീയ ജനതാദളിനുമൊക്കെ എന്തും ചെയ്യാമെന്ന ധാർഷ്ട്യവും ധിക്കാരവും ഉണ്ടായത് അതുകൊണ്ടാണ്. ഇപ്പോൾ അതു നടക്കില്ല എന്ന് അവർക്കറിയാം. അതുകൊണ്ടാണ് ശാന്തമായും സമാധാനപരമായും സഭാ നടപടികൾ പൂർത്തീകരിക്കാനും ബില്ല് ഏകകണ്ഠേന പാസാക്കാനും സാധിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്ന ഘട്ടത്തിൽ വനിതാസംവരണത്തിന് തുരങ്കം വയ്ക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നും ഈ നേതാക്കൾക്കറിയാം. മാത്രമല്ല, ചെറിയ ഒരാശ്വാസം ബാക്കിയുണ്ട്- കൊവിഡ് മഹാമാരി മൂലം മാറ്റിവച്ച 2021ലെ സെൻസസ് പൂർത്തീകരിച്ചശേഷം മണ്ഡല പുനഃക്രമീകരണവും നടത്തിയതിനു ശേഷമേ വനിതാസംവരണം പ്രാവർത്തികമാക്കുകയുള്ളൂ. തീർച്ചയായും 2024ലെ പൊതുതിരഞ്ഞെടുപ്പിൽ വനിതാസംവരണം ഉണ്ടാകുകയില്ല. 2029ൽ അത് യാഥാർത്ഥ്യമാവുകയും ചെയ്യും.

ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വനിതാസംവരണം. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഏറ്റവും കുറഞ്ഞത് 33 ശതമാനമെങ്കിലും വനിതകളുണ്ടാകും. നാളിതുവരെ ഒരു വനിതയെപ്പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലാത്ത ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനും ഏതാനും വനിതകളെ മത്സരിപ്പിക്കേണ്ടിവരും. കേരള കോൺഗ്രസിനും ഏറെക്കുറെ തുല്യനിലയിൽ ഇതു ബാധകമാണ്. നവോത്ഥാനം പ്രസംഗിക്കുകയും വനിതകൾക്ക് ആടുകടിക്കാത്ത സീറ്റുകൾ മാത്രം നല്കുകയും ചെയ്യുന്ന മറ്റു പാർട്ടികൾക്കും ഇനിയങ്ങോട്ട് പഴയ പരിപാടികൾ തുടരാനാവുകയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WOMAN RESERVATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.