80കളിലും 90കളിലും അനേകം ക്ലാസിക് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച വിഖ്യാത സംവിധായകൻ കെ ജി ജോർജ് കലാലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. സിനിമാപ്രേമികൾ എക്കാലവും ഓർത്തുവയ്ക്കുന്ന 19 സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. നിർമാതാവ് കൂടിയായിരുന്ന അദ്ദേഹം മികച്ചൊരു നടനുമായിരുന്നു എന്ന് പറയാം.
താൻ കണ്ട സംവിധായകരിൽ ഏറ്റവും നല്ല നടനാണ് കെ ജി ജോർജ് എന്ന് ഒരഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയിലെ എല്ലാ അഭിനേതാക്കൾക്കും എല്ലാ വേഷവും അദ്ദേഹം അഭിനയിച്ച് കാണിച്ചുകൊടുക്കുമായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു. തന്റെ മനസിലുള്ള കഥാപാത്രം അഭിനേതാവിലേയ്ക്ക് അതിന്റെ പൂർണതയിൽ എത്തിച്ചുകൊടുക്കാനുള്ള മികച്ച മാർഗവും ഇത് തന്നെയാണല്ലേ?
മലയാളം കണ്ട ഏറ്റവും മികച്ച സംവിധായകൻ കെ ജി ജോർജ് ആണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനും പറഞ്ഞിട്ടുണ്ട്. മനുഷ്യമനസുമായി ഇടപഴകാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവം വളരെ വലുതാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് കെ ജി ജോർജ് ആണ്. സിനിമ ഒരു കലാരൂപമാണെന്നും അതൊരു നിർമിതിയാണെന്നും പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന്റേത്. ആദാമിന്റെ വാരിയെല്ല് അതിന് ഉദാഹരണമാണ്. യൂറോപ്യൻ സംവിധായകൻ ഗോദാർദ് ഒക്കെ ഈ മാതൃക പിന്തുടർന്നവരാണെന്നും ബി ഉണ്ണികൃഷ്‌ണൻ കൂട്ടിച്ചേർത്തു.
ശക്തമായ വിഷയങ്ങൾ പ്രേക്ഷകരിൽ എത്തിച്ച സംവിധായകനാണ് കെ ജി ജോർജ്. ത്രില്ലർ- സൈക്കോപാത്ത് സ്വഭാവമുള്ള 'ഇരകൾ', ആധുനിക മലയാള സിനിമയ്ക്ക് വഴിത്തിരിവായ 'യവനിക', പാലാരിവട്ടം പാലവും അതിന്റെ തകർച്ചയും വർഷങ്ങൾക്കുമുൻപേ പ്രവചിച്ചതിന് സമാനമായ 'പഞ്ചവടിപ്പാലം', ഒരു ഗ്രാമത്തിന്റെ ദുഷ്‌ടലാക്കുകൾ പുറത്തുകാട്ടിയ 'കോലങ്ങൾ', സ്‌ത്രീ ജീവിതത്തിന്റെ ആഖ്യാനമായ 'ആദാമിന്റെ വാരിയെല്ല്', സ്‌ത്രീ-പുരുഷ വികാരങ്ങളുടെ നേർക്കാഴ്‌ചയായ 'മറ്റൊരാൾ' തുടങ്ങിയ കെ ജി ജോർജ് സിനിമകൾ മലയാള പ്രേക്ഷകർ അന്നുവരെ കണ്ടിട്ടില്ലാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |