ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് ബൈക്കും പുറത്തിറക്കുന്ന ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളാണ് ഹോപ് ഇലക്ട്രിക് മൊബിലിറ്റി. പെട്രോൾ സ്‌കൂട്ടറുകൾ 100 രൂപയ്ക്ക് വെറും 70 കിലോമീറ്റർ മാത്രം ഓടുമ്പോൾ ഹോപ് ഇവിയുടെ സ്‌കൂട്ടറുകൾ അതേ തുകക്ക് 700 കിലോമീറ്റർ ഓടുമെന്നാണ് കമ്പനി തങ്ങളുടെ വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഫെയിം II സബ്‌സിഡി വെട്ടിക്കുറച്ചതോടെ രാജ്യത്തെ മറ്റ് ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് വിലകൂട്ടിയപ്പോൾ ഹോപ് വിലകുറയ്ക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെ മൺസൂൺ ഓഫറുകളും പ്രഖ്യാപിച്ചിരുന്നു.
ഇപ്പോൾ തങ്ങളുടെ ലിയോ, ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ലിയോ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇപ്പോൾ 4,100 രൂപ വരെ ആനുകൂല്യം ലഭ്യമാണ്. 3,100 രൂപ വരെ കിഴിവിലാണ് കമ്പനി ഇപ്പോൾ ലൈഫ് ഇലക്ട്രിക് സ്‌കൂട്ടർ ഓഫറിൽ നൽകുന്നത്.
ഗ്രീൻ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്താൻ കൂടിയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. നിലവിൽ മൂന്ന് മോഡലുകളാണ് ഹോപ് ഇലക്ട്രിക് വിപണിയിൽ എത്തിക്കുന്നത്. ലൈഫ്, ലിയോ എന്നിവയാണ് ഹോപിന്റെ പോർട്ഫോളിയോയിലെ ഇലക്ട്രിക് സ്‌കൂട്ടറുകൾ. ഓക്സോ ഇലക്ട്രിക് മോട്ടോർസൈക്കിളാണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ. ഈ വർഷം ആദ്യമാണ് ഹോപ് ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റ് അവതരിപ്പിച്ചത്.
ലിയോയുടെ ലോ സ്പീഡ് വേരിയന്റും ഓഫറിലുണ്ട്. ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈസ്പീഡ് വേരിയന്റിന് 97,504 രൂപയും ലോ സ്പീഡ് വേരിയന്റിന് 84,360 രൂപയുമാണ് വില. 67,500 രൂപ മുതൽ 74,500 രൂപ വരെയാണ് ലൈഫ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. കണക്ടിവിറ്റി ഫീച്ചറുകൾ സജ്ജീകരിച്ച ലിയോ ഇലക്ട്രിക് സ്‌കൂട്ടറിന് 125 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 72V ആർക്കിടെക്ചർ, 180 കിലോഗ്രാം ലോഡിംഗ് ശേഷിയുള്ള ഏത് ചരിവിലും കയറാൻ ഉയർന്ന പെർഫോമൻസ് മോട്ടോർ എന്നിവയുണ്ട്. 3 വർഷം വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്മാർട്ട് ചാർജർ ഉപയോഗിച്ച് 2 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |