ഹ്വാംഗ്ചോയിലെ ആദ്യ മത്സര ദിനം ഇന്ത്യ മോശമാക്കിയില്ല. സ്വർണമില്ലെങ്കിലും അഞ്ചുമെഡലുകൾ ഇന്നലെ ഇന്ത്യയുടെ ശേഖരത്തിലേക്കെത്തി. മൂന്ന് വെള്ളികളും രണ്ട് വെങ്കലങ്ങളും. റോവിംഗും ഷൂട്ടിംഗുമാണ് ഇന്നലെ മെഡലൊച്ച കേട്ടുണരാൻ വഴിയൊരുക്കിയത്.
രാവിലെ ഫുയാംഗ് വാട്ടർ സ്പോർട്സ് സെന്ററിൽ നടന്ന റോവിംഗിലെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിലായിരുന്നു ആദ്യ മെഡൽ. അർജുൻലാൽ ജാട്ടും അരവിന്ദ് സിംഗും ചേർന്ന് ചൈനീസ് താരങ്ങൾക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പിന്നാലെ മെൻസ് പെയറിലെ വെങ്കലവും ഇന്ത്യയെത്തേടിയെത്തി. ബാബുലാൽ യാദവും ലേഖ് റാമുമായിരുന്നു മെഡലിനുടമകൾ. ഹോംഗ്കോംഗ് ചൈന ഒന്നാമതും ഉസ്ബക്കിസ്ഥാൻ രണ്ടാമതും തുഴഞ്ഞെത്തുകയായിരുന്നു. എട്ടുപേരടങ്ങുന്ന തുഴച്ചിലിലായിരുന്നു അടുത്ത മെഡൽ.നീരജ്,നരേഷ്,നീതിഷ്, ചരൺജീത്,ജസ്‌വീന്ദർ,ഭീം,പുനിത്,ആശിഷ്,ധനഞ്ജയ് പാണ്ഡേ എന്നിവരായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി തുഴയെറിഞ്ഞത്. സ്വർണം നേടിയ ചൈനയേക്കാൾ വെറും 2.84 സെക്കൻഡ് മാത്രം പിന്നിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
റോവിംഗിൽ ഇന്ന് നാലുമത്സരങ്ങളിൽക്കൂടി ഇന്ത്യ ഫൈനലിൽ മത്സരിക്കും.
വനിതകളുടെ ഷൂട്ടിംഗിൽ ഇന്നലെ നടന്ന രണ്ട് ഫൈനലുകളിലും ഇന്ത്യയ്ക്ക് മെഡൽ നേടാനായി. ആദ്യം 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ മെഹുലി ഘോഷ്,ആഷി ചൗക്സെ,റമിത എന്നിവരടങ്ങിയ ടീം 1886 പോയിന്റുമായാണ് ചൈനയ്ക്ക് പിന്നിൽ രണ്ടാമതെത്തിയത്. വ്യക്തിഗത ഇനത്തിൽ റമിതയും മെഹുലിയും ഫൈനലിലേക്ക് യോഗ്യത നേടി. ഫൈനൽ റൗണ്ടിൽ ചൈനീസ് താരം യുടിംഗ് ഹുവാംഗ് 252.7 പോയിന്റ് നേടി ഗെയിംസ് റെക്കാഡോടെ സ്വർണം നേടി. ചൈനയുടെ തന്നെ ജിയാവു ഹാൻ 251.3 പോയിന്റുമായി വെള്ളി സ്വന്തമാക്കി. 230.1 പോയിന്റുമായാണ് റമിത വെങ്കലത്തിലെത്തിയത്. നാലാമതെത്തിയ മെഹുലിക്ക് നേടാനായത് 208.3 പോയിന്റ്.
ഇന്നലെ നടന്ന വനിതാ ക്രിക്കറ്റ് സെമിഫൈനലിൽ ബംഗ്ളാദേശിനെ എട്ടുവിക്കറ്റിന് ചുരുട്ടിയതോടെ ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. വനിതകളുടെ ബോക്സിംഗിൽ ഇന്നലെ നടന്ന ആദ്യറൗണ്ട് മത്സരങ്ങളിൽ ഇന്ത്യൻ താരങ്ങളായ നിഖാത്ത് സരിൻ, പ്രീതി എന്നിവർ വിജയം നേടി. 45-50കിലോ വിഭാഗത്തിൽ വിയറ്റ്നാമിന്റെ എൻഗുയേൻ തി താമിനെ 5-0ത്തിന് തോൽപ്പിച്ച് നിഖാത്ത് പ്രീക്വാർട്ടറിലേക്ക് എത്തിയപ്പോൾ പ്രീതി 50-54 കിലോ വിഭാഗത്തിൽ ജോർദാന്റെ അൽഹസനത്ത് സിലിനയെയാണ് തോൽപ്പിച്ചത്. ഹോക്കിയിൽ ഇന്ത്യ 16-0ത്തിന് ഉസ്ബക്കിസ്ഥാനെ തോൽപ്പിച്ച് ഗ്രൂപ്പ് പോരാട്ടത്തിന് തുടക്കമിട്ടു.
വോളിബാളിൽ ഇന്നലെ ജപ്പാനെതിരെ ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ഇന്ത്യയ്ക്ക് നേരിട്ടുള്ള സെറ്റുകൾക്ക് തോൽക്കേണ്ടിവന്നു. ഫെൻസിംഗ് വ്യക്തിഗത ഇനത്തിലും ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടി. തനിഷ്ക ഖത്രി ക്വാർട്ടർ വരെയെത്തിയെങ്കിലും അവിടെ ഹോംഗ്കോംഗിന്റെ വിവിയൻ മനിനോട് തോറ്റു. പുരുഷ വിഭാഗത്തിൽ ബിബിഷ് കതിരേശനും ദേവും പുറത്തായി. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് നീന്തലിൽ ശ്രീഹരി നടരാജ് ഫൈനലിലെത്തിയെങ്കിലും ആറാമതാണ് ഫിനിഷ് ചെയ്തത്. വനിതകളുടെ 4-100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിലും ഇന്ത്യ ഫൈനലിൽ മത്സരിച്ചെങ്കിലും ഏഴാം സ്ഥാനത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |