തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി ജനങ്ങളുമായി ആശയവിനിമയം നടത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവംബറിൽ നടത്തുന്ന നിയമസഭാമണ്ഡല പര്യടനത്തിന്റെ ചെലവ് ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ പ്രചാരണം, തയ്യാറെടുപ്പുകൾ, അനുബന്ധ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ചെലവും കണ്ടെത്തണം. ഈയാഴ്ചയോടെ സംഘാടക സമിതി രൂപീകരിക്കണം. ഓരോ മണ്ഡലത്തിലും അതത് എം.എൽ.എമാർ നേതൃത്വം നൽകണം.
മണ്ഡലം സദസിന്റെയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സഞ്ചാരം, താമസം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാരാണ് വഹിക്കുക. കലാ, സാംസ്കാരിക പരിപാടികളുടെ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് നിർദ്ദേശം.
സംസ്ഥാനതലത്തിലെ മുഖ്യ സംഘാടനച്ചുമതല മന്ത്രി കെ.രാധാകൃഷ്ണനാണ്. രാവിലെ ഒൻപതിന് പ്രമുഖ വ്യക്തികളുമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഭാതയോഗത്തോടെയാവും ഓരോയിടത്തെയും പര്യടനത്തുടക്കം. നവംബർ 18ന് വൈകിട്ട് 3.30ന് മഞ്ചേശ്വരത്ത് ഉദ്ഘാടനം. ഡിസംബർ 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് സമാപനം. ചുരുക്കം ദിവസങ്ങളിലൊഴികെ രാവിലെ 11നും വൈകിട്ട് 3നും 4.30നും 6നും നാലു മണ്ഡലങ്ങളിൽവീതം പര്യടനവാഹനം എത്തും.
മണ്ഡല സദസ്സ്: സമസ്ത മേഖലയ്ക്കും പങ്കാളിത്തം
പര്യടനത്തിന് പുതിയ ട്രാൻ. ബസ്
തിരുവനന്തപുരം: നിയമസഭാ മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനത്തിൽ മണ്ഡലം സദസ്സ് പരിപാടിയിലടക്കം എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പാക്കും. മാർഗനിർദ്ദേശം പുറത്തിറക്കി. നവംബർ 18മുതൽ ഡിസംബർ 24വരെ പര്യടനകാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ തലസ്ഥാനത്തുണ്ടാവില്ല. പര്യടനത്തിനിടെ തന്നെയാകും മന്ത്രിസഭായോഗവും ചേരുക.
കെ.എസ്.ആർ.ടി.സി ബസിലാകും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്ര. കെ.എസ്.ആർ.ടി.സി പുതുതായി വാങ്ങുന്ന എ.സി ബസുകളിലൊന്നാവും ഇതിനായി സജ്ജമാക്കുക. വികസന കാര്യങ്ങളിൽ ജനങ്ങളുമായുള്ള ആശയകൈമാറ്രമാണ് പര്യടനത്തിന്റെ ഉദ്ദേശ്യമെന്ന് പറയുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പാണ് മുഖ്യരാഷ്ട്രീയ ലക്ഷ്യം. പ്രതിപക്ഷം പരിപാടി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ പരിപാടിക്ക് കൂടുതൽ ശോഭ പകരാനുള്ള ഒരുക്കങ്ങൾക്ക് എൽ.ഡി.എഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.
മണ്ഡലം സദസ്സുകളിൽ സ്വാതന്ത്ര്യ സമരസേനാനികൾ, വിവിധമേഖകളിലെ പ്രമുഖർ, മഹിള, യുവജന, വിദ്യാർത്ഥി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടെ പ്രത്യേക ക്ഷണിതാക്കളാക്കും. കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരന്മാർ, സെലിബ്രിറ്റികൾ, വിവിധഅവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സമുദായ സംഘടനാ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വ്യാപാര, വാണിജ്യ മേഖലകളിലെ പ്രതിനിധികൾ, കലാസാംസ്കാരിക സംഘടനകൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരും ക്ഷണിതാക്കളാവും.
പര്യടനത്തിൽ പുതിയ രണ്ട് മന്ത്രിമാർ?
മന്ത്രിസഭയിൽ രണ്ടരവർഷം പൂർത്തിയാക്കുന്ന മന്ത്രിമാരായ ആന്റണിരാജുവും അഹമ്മദ് ദേവർകോവിലും എൽ.ഡി.എഫ് മുൻ ധാരണപ്രകാരം നവംബറിൽ ഒഴിയേണ്ടതാണ്. പര്യടനത്തിന് മുമ്പ് പുന:സംഘടന നടന്നാൽ മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന കെ.ബി.ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയുമാകും പര്യടനസംഘത്തിൽ ഉൾപ്പെടുക. അതേസമയം, പര്യടനശേഷം പുന:സംഘടന നടത്താനാണ് തീരുമാനമെങ്കിൽ സംഘത്തിൽ മാറ്റമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |