
□അന്വേഷണം കടുപ്പിക്കാൻ എസ്.ഐ.ടി
തിരുവനന്തപുരം: സ്വർണക്കൊള്ളയുടെ അന്വേഷണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി വിമർശനമുണ്ടായ സാഹചര്യത്തിൽ, കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്‌മകുമാറിനെ അറസ്റ്റു ചെയ്‌തെങ്കിലും ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് അന്വേഷണം നീണ്ടില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ശബരിമലയിലെ കാര്യങ്ങൾ താൻ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നും, ഭരണസമിതിയോട് ആലോചിച്ചാണ് തീരുമാനമെടുത്തതെന്നുമാണ് പത്മകുമാറിന്റെ മൊഴി. .
അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതി ചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നുമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. 2019ലെ ദേവസ്വം ബോർഡംഗങ്ങൾക്കും തന്ത്രിക്കും കുരുക്കാവുന്ന മൊഴികളും വിവരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും എസ്.ഐ.ടി അവരോട് മൃദുനിലപാടെടുക്കുന്നുവെന്ന ആരോപണമുണ്ട്.. രാഷ്ട്രീയ നേതൃത്വത്തിലേക്കും അന്വേഷണം നീണ്ടിട്ടില്ല. പോറ്റി ശബരിമലയിൽ പ്രവർത്തിച്ചിരുന്നത് തന്ത്രി കുടുംബത്തിന്റെ ആളായിട്ടാണെന്നും , ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. 2തന്ത്രിമാരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.
കട്ടിളപ്പാളികൾ കൊണ്ടുപോകുന്നതിനു മുൻപ് മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിംഗ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ദേവസ്വം ബോർഡുമായി കത്തിടപാടുകൾ നടത്തിയതും സ്വർണക്കൊള്ളയുടെ ആസൂത്രണത്തിലേക്കും ഗൂഢാലോചനയിലേക്കുമാണ് വിരൽ ചൂണ്ടുന്നതെന്ന് എസ്.ഐ.ടി പറയുന്നു. ശബരിമലയിൽ സ്പോൺസറാകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്നതാണ് ഇനി എസ്.ഐ.ടിക്ക് കണ്ടെത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |