തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യകപ്പൽ എത്താൻ വൈകും. ചൈനയിൽ ഇന്ന് ഇവിടേക്കുള്ള ക്രെയിനുമായി പുറപ്പെട്ട കപ്പൽ
ഒക്ടോബർ 15നായിരിക്കും എത്തുകയെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം അവസാനം എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പ്രതികൂല കാലാവസ്ഥ കാരണം വേഗം കുറയുന്നതാണ് കാരണം. കേരളത്തിന്റെ പുറങ്കടലിലൂടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് നീങ്ങുകയാണ് കപ്പൽ. 29ന് മുന്ദ്രയിൽ എത്തിയേക്കും. അവിടെ ക്രെയിൻ ഇറക്കിയശേഷമാണ് ഇവിടേക്ക് വരുന്നത്.
ഓഗസ്റ്റ് 31നാണ് ഷാംങ്ഹായി തുറമുഖത്തുനിന്ന്
ഷെൻഹുവ-15 കപ്പൽ പുറപ്പെട്ടത് . ഷാംങ്ഹായി, വിയറ്റ്നാം, സിംഗപ്പുർ മേഖലകളിലെ ടൈക്കൂൺ ചുഴലിക്കാറ്റ് കാരണം യാത്രാ വേഗം ശരാശരി 11 നോട്ടിക്കൽ മൈലിൽനിന്ന് 3 മുതൽ 5 വരെയായി കുറയുകയായിരുന്നു. ഒക്ടോബർ നാലിനെങ്കിലും വിഴിഞ്ഞത്ത് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ വേഗം കൂട്ടാൻ കഴിയാതെ വന്നു.
കപ്പൽ വിഴിഞ്ഞത്ത് എത്തുന്ന ഔദ്യോഗിക തീയതി 15 ആണെങ്കിലും രണ്ടു ദിവസം മുമ്പ് പുറങ്കടലിൽ എത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ എന്നിവർ പങ്കെടുക്കും. രണ്ടാമത്തെ കപ്പൽ ഒക്ടോബർ 28നും മൂന്നാമത്തേത് നവംബർ 9നും നാലാമത്തേത് 14നും എത്തും. 2024 മേയിൽ തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തീകരിക്കാനാണ് ശ്രമം.
തുറമുഖനിർമ്മാണത്തിനായി കല്ല് നൽകിയിരുന്ന ആര്യനാട്ടെ ക്വാറിക്കെതിരെയുള്ള സമരം തീർക്കാൻ ചർച്ച നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് കല്ല് കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |