കൊച്ചി: അന്തരിച്ച പ്രശസ്‌ത സംവിധായകൻ കെ ജി ജോർജിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷം കൊച്ചി രവിപുരത്തെ ശ്‌മശാനത്തിൽ നടക്കും. കെ.ജി.ജോർജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനം. രാവിലെ 11 മണി മുതൽ 3 വരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. ആറുമണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഗോവയിൽ ആയിരുന്ന കെ ജി ജോർജിന്റെ ഭാര്യയും മകനും ദോഹയിൽ നിന്ന് മകളും കഴിഞ്ഞദിവസം ഉച്ചയോടെ നാട്ടിലെത്തിയിരുന്നു.
കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ 10.15നായിരുന്നു അന്ത്യം. 78 വയസായിരുന്നു. പക്ഷാഘാതത്തിനും വാർദ്ധക്യരോഗങ്ങൾക്കും ചികിത്സയിലായിരുന്നു. കാക്കനാട്ടെ സിഗ്‌നേച്ചർ ഏജ് ഡി കെയർ എന്ന സ്ഥാപനത്തിലായിരുന്നു രണ്ടു വർഷമായി താമസം. പക്ഷാഘാതത്തെ തുടർന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ എത്തിയത്.
1976ൽ സംവിധാനം ചെയ‌്ത സ്വപ്നാടനം ആയിരുന്നു ആദ്യസിനിമ. രാപ്പാടികളുടെ ഗാഥ, ആദാമിന്റെ വാരിയെല്ല്, മേളം, കോലങ്ങൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഇരകൾ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. മികച്ച സിനിമ, തിരക്കഥ, സംവിധാനം എന്നിവയ്ക്ക് ദേശീയ, സംസ്ഥാന അവാർഡുകൾ നേടി. ഏഴുസിനിമകൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |