
ഹിന്ദുമതം സ്വീകരിച്ചതിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി നടി ലക്ഷ്‌മിപ്രിയ. ഭർത്താവ് സംഘിയായതുകൊണ്ടല്ല താൻ മതം മാറിയതെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി. ജയേഷ് എന്നെ മതംമാറാൻ നിർബന്ധിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
'സബീന ആയിരിക്കുന്നത് തന്നെയായിരുന്നു ഭർത്താവ് ജയേഷിന് ഇഷ്ടം. വിവാഹത്തോടനുബന്ധിച്ചായിരുന്നു മതം മാറ്റം എന്നത് ശരിയാണ്. പക്ഷേ ജയേഷിന് അങ്ങനെ ഒരു നിർബന്ധമില്ലായിരുന്നു. ഞാൻ തന്നെയാണ് മതം മാറാൻ മുൻകെെയെടുത്തത്. പേരും മതവുമെല്ലാം ഔദ്യോഗികമായിത്തന്നെ മാറ്റി. മതംമാറിയപ്പോൾ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ജയേഷേട്ടൻ വന്നില്ലായിരുന്നെങ്കിലും ഞാൻ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുമായിരുന്നില്ല.
മതംമാറിയപ്പോൾ ഉടുത്ത വസ്ത്രം കഴുകി ഉണക്കി അലമാരയിൽ വച്ചതുപോലെ മാത്രമേ തോന്നിയുള്ളൂ. പുതിയ ഒരു വസ്ത്രം ധരിച്ച ഫീൽ ആയിരുന്നു. എന്റെ അമ്മയുടെ വീട്ടുകാർ യാഥാസ്ഥിതിക മുസ്ലിം കുടുംബം ആയിരുന്നു. അച്ഛന്റെ വീട്ടുകാർ പക്ഷേ പുരോഗമന ആശയങ്ങളിൽ വിശ്വസിച്ചിരുന്നവരാണ്. മുസ്ലീം സമ്പ്രദായം അനുസരിച്ചായിരുന്നില്ല ഞാൻ ജീവിച്ചിരുന്നത്. ഖുർ ആൻ പഠിച്ചിട്ടില്ല. നോമ്പെടുത്തിട്ടില്ല. അതൊന്നും എനിക്ക് ഒരുകാലത്തും വഴങ്ങിയിട്ടില്ല.
ഓണാട്ടുകരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിച്ചിരുന്നു. ഞാൻ ജനിച്ചുവളർന്നത് ഓണാട്ടുകരയിലാണ്. അക്കാലത്ത് വിവാഹത്തിനും മരണത്തിനും അപ്പുറം ജാതിയും മതവും ഒന്നും ആരും നോക്കില്ല. എന്റെ ഉമ്മയുടെ വീട്ടുകാർ കർക്കശമായ മതവിശ്വാസികൾ ആയിരുന്നെങ്കിലും ചെട്ടികുളങ്ങര ഭഗവതി അവർക്ക് പരദേവതപ്പോലെയായിരുന്നു'- ലക്ഷ്മിപ്രിയ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
