കൊച്ചി: എം.ജി സർവകലാശാലയിൽനിന്ന് ഡിഗ്രി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അസി. രജിസ്ട്രാർ സെബാസ്റ്റ്യൻ പി. ജോസഫ്, പി.ഡി (അഞ്ച്) സെക്ഷൻ ഓഫീസർ മനോജ് തോമസ് എന്നിവർക്കെതിരെ സർവകലാശാല സ്വീകരിച്ച അച്ചടക്കനടപടികൾ ഹൈക്കോടതി റദ്ദാക്കി. തങ്ങളെ സസ്പെൻഡ് ചെയ്തതിനെതിരെയും അച്ചടക്കനടപടി സ്വീകരിച്ചതിനെതിരെയും ഇവർ നൽകിയ ഹർജികളിൽ നടപടിക്രമങ്ങളിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ അച്ചടക്കനടപടി റദ്ദാക്കിയത്. അച്ചടക്കസമിതി നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം വേഗംപൂർത്തിയാക്കി തീരുമാനമെടുക്കണമെന്നും അതുവരെ ഹർജിക്കാരുടെ സസ്പെൻഷൻ തുടരുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
എം.ജി സർവകലാശാലയുടെ ഹോളോഗ്രാമും ബാർകോഡും പതിച്ച 54 ബ്ളാങ്ക് ഡിഗ്രി സർട്ടിഫിക്കറ്റുകൾ പി.ഡി (അഞ്ച്) സെക്ഷനിൽനിന്ന് കാണാതായവിവരം കഴിഞ്ഞ ജൂൺ 15നാണ് പുറത്തുവന്നത്. മാർച്ച് 23നാണ് ഈ സർട്ടിഫിക്കറ്റുകൾ ഉൾപ്പെട്ട ബണ്ടിൽ ഉപയോഗിക്കാനെടുത്തത്. അന്ന് സെബാസ്റ്റ്യൻ പി. ജോസഫായിരുന്നു സെക്ഷൻ ഓഫീസർ. പിന്നീട് അസി. രജിസ്ട്രാറായതോടെ സെബാസ്റ്റ്യൻ പി. ജോസഫ് ചുമതല ജൂൺ രണ്ടിന് മനോജ് തോമസിന് കൈമാറി. സർട്ടിഫിക്കറ്റുകൾ കാണാതായ സമയത്ത് ഇരുവരും ചുമതലയുണ്ടായിരുന്നത് കണക്കിലെടുത്ത് രണ്ടുപേർക്കുമെതിരെ അന്വേഷണം നടത്തി. സർവകലാശാല ജീവനക്കാരായ സാക്ഷികളുടെ മൊഴിയടക്കം കണക്കിലെടുത്താണ് അച്ചടക്കനടപടി സ്വീകരിച്ചത്. എന്നാൽ സർവകലാശാലാ ചട്ടമനുസരിച്ച് സാക്ഷികളിൽനിന്ന് തെളിവെടുക്കുമ്പോൾ കുറ്റാരോപിതർക്ക് നോട്ടീസ് നൽകുകയും സാക്ഷികളെ ക്രോസ്‌വിസ്താരം ചെയ്യാൻ ഇവരെ അനുവദിക്കുകയും വേണം. ഇത്തരം നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദം ശരിയാണെന്ന് വിലയിരുത്തിയാണ് ഹൈക്കാേടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |