തിരുവനന്തപുരം: കാമുകനായ ഷാരോൺ രാജിന് കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ഷാരോണിന്റെ കുടുംബം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സെപ്തംബർ 25നാണ് ഹൈക്കോടതി ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്.
' മുഖ്യമന്ത്രിയുടെ അനുവാദം ചോദിച്ചിട്ടുണ്ട്. സർക്കാരിന്റെ സഹായത്തോടെ സുപ്രീം കോടതിയെ സമീപിക്കാനാണ് ആലോചിക്കുന്നത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ അലംഭാവം കാട്ടി. ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ കോടതിയിൽ പറഞ്ഞില്ല. നിയമപോരാട്ടം തുടരും.' - ജയരാജ് പറഞ്ഞു.
അന്വേഷണവുമായി സഹകരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഗ്രീഷ്മയ്‌ക്ക് ജാമ്യം അനുവദിച്ചത്. ഷാരോൺ രാജിന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്‌ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നതും കോടതി കണക്കിലെടുത്തു. 22 വയസ് മാത്രം പ്രായമുള്ള പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. വിചാരണയിൽ പ്രതി ഇടപെടുമെന്ന ആശങ്കയ്‌ക്ക് ഇടയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും നൽകണം. വിചാരണ കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പ്രണയത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിന് ഷാരോണിനെ 2022 ഒക്ടോബർ 14ന് രാവിലെ വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. 2022 ഒക്ടോബർ 31 മുതൽ ഗ്രീഷ്മ കസ്റ്റഡിയിലാണ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |