തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായുള്ള സി.പി.എം പ്രാദേശിക നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ അറസ്റ്റ് സി.പി.എമ്മിന് കനത്ത രാഷ്ട്രീയപ്രഹരമായി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇനി ഇ.ഡിയുടെ നോട്ടപ്പുള്ളികൾ സംസ്ഥാന സെക്രട്ടേറിയറ്റം പി.കെ. ബിജു, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവരാണെന്നതും സി.പി.എമ്മിനെ ആശങ്കപ്പെടുത്തുന്നു. മൊയ്തീനെ അറസ്റ്റ് ചെയ്യാനുള്ള തെളിവെന്നും ഇല്ലെന്നാണ് സി.പി.എം പറയുന്നത്. പക്ഷേ, ബി.ജെ.പിയുടെ രാഷ്ട്രീയനീക്കം ഇ.ഡിയിലൂടെ നടപ്പാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഹരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല.പുതിയ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനും ഇ.ഡിക്കുമെതിരെ രാഷ്ട്രീയ പ്രത്യാക്രമണം കനപ്പിക്കുകയാണ് സി.പി.എം.
സഹകരണമേഖലയെ തകർക്കുന്നതിനുള്ള ബോധപൂർവ്വമായ പ്രവർത്തനം അന്വേഷണ ഏജൻസിയെക്കൊണ്ട് കേന്ദ്രസർക്കാർ നടത്തിക്കുകയാണെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. അമിത്ഷാ സഹകരണമന്ത്രിയായതോടെ കേരളത്തിലേതടക്കം ശക്തമായ സാമ്പത്തികാടിത്തറയായി നിൽക്കുന്ന സഹകരണമേഖലയെ പിടിച്ചെടുത്ത് വരുതിയിലാക്കാനുള്ള കളികളാണ് നടത്തുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. ഇത്തരത്തിലൊരു ഇ.ഡി ഇടപെടലിന് വഴിയൊരുക്കിയത് സഹകരണബാങ്കുകളിലെ വഴിവിട്ട പ്രവർത്തനത്തിലൂടെ പാർട്ടി നേതാക്കൾ തന്നെയല്ലേയെന്ന ചോദ്യം ഇടതുകേന്ദ്രങ്ങളിൽ ഉയരുന്നുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബി.ജെ.പിയും കരുവന്നൂർ വിഷയം ശക്തമായ രാഷ്ട്രീയായുധമാക്കാൻ തന്നെയാണൊരുങ്ങുന്നത്. ബദലായി ശക്തമായ രാഷ്ട്രീയപ്രചരണപരിപാടികൾ ആവിഷ്കരിക്കാനാണ് സി.പി.എം ശ്രമം.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡലപര്യടനമുൾപ്പെടെ മുഖംമിനുക്കൽ പരിപാടിയിലേക്ക് സർക്കാർ കടന്നിരിക്കെയാണ് പുതിയ സംഭവ വികാസങ്ങൾ. കരുവന്നൂരിലെയും തിരുവനന്തപുരത്തെ കണ്ടലയിലേതുമുൾപ്പെടെ സഹകരണമേഖലയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഇടതുമുന്നണിക്ക് കനത്ത തലവേദനയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |