കോഴിക്കോട്: സിപിഎം നേതാവ് പി കെ ശശിയെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചെന്നുള്ള ചില നേതാക്കളുടെ പ്രസ്താവനകൾക്ക് ചുട്ട മറുപടിയുമായി യൂത്ത് കോൺഗ്രസ്. അത്തരമൊരു നീക്കം പാർട്ടിക്ക് നാശം വിതയ്ക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവുമായ വി.പി. ദുൽഖിഫിൽ വ്യക്തമാക്കി. സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്ന ആരോപണം പി.കെ. ശശി നേരിടുന്നുണ്ടെന്നും ഇത് അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിക്ക് അയോഗ്യനാക്കുമെന്നും ദുൽഖിഫിൽ പറഞ്ഞു.
പി.കെ. ശശി കോൺഗ്രസിലേക്ക് വന്നാൽ നേട്ടങ്ങളെക്കാൾ വലിയ നഷ്ടമുണ്ടാക്കുമെന്നും ദുൽഖിഫിൽ മുന്നറിയിപ്പ് നൽകി. സ്ത്രീകളെ അപമാനിച്ചവർക്കുള്ള ഒളിത്താവളമല്ല കോൺഗ്രസ് പാർട്ടിയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് എംപി വി.കെ. ശ്രീകണ്ഠൻ പി.കെ. ശശിയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
എന്നാൽ പി.കെ.ശശിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങളുടെ പ്രശ്നമല്ലെന്നാണ് വി.കെ. ശ്രീകണ്ഠൻ വ്യക്തമാക്കിയത്. സി.പി.എമ്മിൽ വലിയ വിഭാഗിയത പ്രശ്നങ്ങളാണ് പാലക്കാട് നിലനിൽക്കുന്നത്. പ്രതികരിച്ചവരെയെല്ലാം മൂലയ്ക്കിരുത്തുകയാണ് സി.പി.എം ചെയ്യുന്നതും. അതിൽ പലർക്കും കടുത്ത അതൃപ്തിയുണ്ടെന്നും വി.കെ.ശ്രീകണ്ഠൻ നേരത്തെ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |